Headlines

തിരുവനന്തപുരത്ത് വന്‍ കവര്‍ച്ച; വൈഷ്ണവി ജ്വല്ലറി ഉടമ വീട്ടിലേക്ക് മടങ്ങും വഴി 100 പവനോളം സ്വര്‍ണം മോഷ്ടാക്കള്‍ പിടിച്ചുപറിച്ചു

തിരുവനന്തപുരം: ചാലയില്‍ വന്‍ സ്വര്‍ണകവര്‍ച്ച. വൈഷ്ണവി ജ്വല്ലറി ഉടമയില്‍ നിന്ന് 100 പവനോളം സ്വര്‍ണം മോഷണം പോയി. ഇദ്ദേഹം സ്വര്‍ണവുമായി വീട്ടിലേക്ക് പോകുമ്പോഴാണ് കവര്‍ച്ച നടന്നത്. (huge gold theft in thiruvananthapuram)

ഇന്നലെ രാത്രി 10 മണിയോടെയാണ് ജ്വല്ലറിയില്‍ നിന്ന് ഉടമ വീട്ടിലേക്ക് ഇറങ്ങിയത്. ബുള്ളറ്റിലായിരുന്നു ഇദ്ദേഹം യാത്ര ചെയ്തിരുന്നത്. ഈ സമയം മറ്റൊരു ബൈക്കിലെത്തിയ രണ്ടുപേര്‍ തന്റെ കൈയില്‍ നിന്ന് സ്വര്‍ണം പിടിച്ചുപറിക്കുകയായിരുന്നു എന്നാണ് ഉടമ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഒരു കോടിയോളം രൂപയുടെ സ്വര്‍ണം നഷ്ടമായിട്ടുണ്ടെന്നാണ് വിവരം. ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് മോഷണം നടന്നതെന്നാണ് വിവരം. ജ്വല്ലറിയില്‍ നിന്ന് അധികം അകലെയല്ലാത്ത ഒരു ഇടവഴിയില്‍ വച്ചാണ് മോഷണം നടന്നതെന്നാണ് പറയുന്നത്.

സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. എന്തിനാണ് ഇത്രയേറെ സ്വര്‍ണം ഉടമ വീട്ടിലേക്ക് കൊണ്ടുപോയത് എന്നത് ഉള്‍പ്പെടെ പരിശോധിക്കും. സമീപത്തെ സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാകും അന്വേഷണം.