Headlines

ശബരിമല സ്വര്‍ണക്കൊള്ള; ജാമ്യം തേടി ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്‍ സുപ്രീംകോടതിയെ സമീപിച്ചു

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ജാമ്യം തേടി ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്‍ സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ഗോവര്‍ദ്ധന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. അതിനിടെ, പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ എസ്‌ഐടി ഇടവരുത്തരുതെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. (Sabarimala gold robbery).ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയേ പോലെ തന്നെ ഗൂഢാലോചനയിലടക്കം പങ്കുണ്ടെന്ന് എസ്‌ഐടി കരുതുന്ന ആളാണ് ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവര്‍ദ്ധന്‍. സ്വര്‍ണ പാളികളില്‍ നിന്ന് വേര്‍തിരിച്ച സ്വര്‍ണം ഗോവര്‍ദ്ധന്‍ വാങ്ങിയെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. എന്നാല്‍ തൊണ്ടി മുതല്‍ കണ്ടെത്താനായിട്ടുമില്ല. ഇതടക്കം എസ്‌ഐടി കോടതിയില്‍ റിപ്പോര്‍ട്ടായി നല്‍കിയിരുന്നു. ഇതിനിടെയാണ് ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ ഗോവര്‍ദ്ധന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും തന്റെ കസ്റ്റഡി ഇനി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗോവര്‍ദ്ധന്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.എന്നാല്‍, കുറ്റപത്രം വൈകിപ്പിച്ച് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് വഴിയൊരുക്കുന്നു എന്ന ആക്ഷേപം ഇന്നും പ്രതിപക്ഷം ശക്തമാക്കി

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ചോദ്യം ചെയ്യലില്‍ പ്രതികരണങ്ങളില്‍ നിന്ന് നടന്‍ ജയറാം ഒഴിഞ്ഞുമാറി. സ്വാമിയേ ശരണം അയ്യപ്പ എന്ന് മാത്രമായിരുന്നു പ്രതികരണം. വിഎസ്എസ്‌സിയില്‍ നല്‍കിയ കൂടുതല്‍ പാളികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് ശേഷം കുറ്റപത്രം നല്‍കാനാണ് എസ്‌ഐടി നീക്കം.