Headlines

തൃശൂരിൽ സഹകരണ ബാങ്ക് മുൻ സെക്രട്ടറി അടിച്ചുമാറ്റിയത് നാലേകാൽ കോടി രൂപ; വെട്ടിച്ച പണം സ്വന്തം പേരിൽ ഓഹരിയിൽ നിക്ഷേപിച്ചു

തൃശൂർ ∙ അരനൂറ്റാണ്ടോളമായി സിപിഎം ഭരിക്കുന്ന നന്തിപുലം സർവീസ് സഹകരണ ബാങ്കിന്റെ നിക്ഷേപ ഫണ്ടിൽനിന്ന് 4.25 കോടി രൂപ തട്ടിയെടുത്ത മുൻ സെക്രട്ടറി ആ തുക സ്വന്തം പേരിൽ ഓഹരി വിപണിയിൽ നിക്ഷേപിച്ചു. കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ ഭാരവാഹി കൂടിയായിരുന്ന മുൻ ബാങ്ക് സെക്രട്ടറി ആണു പദവിയിൽനിന്നു വിരമിക്കുന്നതിനു മുൻപു വെട്ടിപ്പു നടത്തിയത്.

ഓഡിറ്റിൽ തട്ടിപ്പു കണ്ടെത്തിയതോടെ ബാങ്കിന്റെ ഭരണസമിതി തന്നെ പൊലീസിനു പരാതി നൽകുകയായിരുന്നു. നഷ്ടപ്പെട്ട തുക മുൻ സെക്രട്ടറിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഈടാക്കാൻ നിയമനടപടി തുടങ്ങിയെന്നു സഹകരണ ജോയിന്റ് റജിസ്ട്രാർ പി.രാമചന്ദ്രൻ പറഞ്ഞു.ഓഡിറ്റ് പരിശോധനയ്ക്കിടെ കഴിഞ്ഞ വർഷം മേയ് മുതൽ ജൂലൈ വരെയുള്ള 3 മാസത്തിനിടെ ബാങ്കിന്റെ നിക്ഷേപഫണ്ടിൽനിന്നു പലതവണയായി പണം നഷ്ടപ്പെട്ടതു ശ്രദ്ധയിൽപെട്ടിരുന്നു. വിശദമായ പരിശോധനയിൽ നന്തിപുലം ബാങ്ക് മറ്റു ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള തുകയിൽനിന്നു 4.25 കോടി രൂപയോളം കാണാനില്ലെന്നു വ്യക്തമായി. മുൻ സെക്രട്ടറിയുടെ പേരിൽ ഓഹരി വിപണിയിൽ നിക്ഷേപിച്ചിരിക്കുകയാണെന്നും കണ്ടെത്തി.

ഓഡിറ്റ് പരിശോധനയ്ക്കിടെ കഴിഞ്ഞ വർഷം മേയ് മുതൽ ജൂലൈ വരെയുള്ള 3 മാസത്തിനിടെ ബാങ്കിന്റെ നിക്ഷേപഫണ്ടിൽനിന്നു പലതവണയായി പണം നഷ്ടപ്പെട്ടതു ശ്രദ്ധയിൽപെട്ടിരുന്നു. വിശദമായ പരിശോധനയിൽ നന്തിപുലം ബാങ്ക് മറ്റു ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള തുകയിൽനിന്നു 4.25 കോടി രൂപയോളം കാണാനില്ലെന്നു വ്യക്തമായി. മുൻ സെക്രട്ടറിയുടെ പേരിൽ ഓഹരി വിപണിയിൽ നിക്ഷേപിച്ചിരിക്കുകയാണെന്നും കണ്ടെത്തി.

നാലു കമ്പനികളുടെ ഓഹരി വാങ്ങ‍ാനാണു പണം ചെലവഴിച്ചത്. പണം കൈമാറ്റം ചെയ്യുമ്പോൾ ബാങ്കിന്റെ പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് ഒടിപി (വൺ ടൈം പാസ്‍വേഡ്) ലഭിക്കുന്ന തരത്തിലാണു ക്രമീകരണമെങ്കിലും തട്ടിപ്പു പിടിക്കപ്പെടാതിരിക്കാൻ പ്രസിഡന്റിന്റെ ഫോൺ നമ്പറിനു പകരം സ്വന്തം സ്വകാര്യ നമ്പറാണു സെക്രട്ടറി റജിസ്റ്റർ ചെയ്തിരുന്നതെന്നും പരിശോധനയിൽ വ്യക്തമായി.

ഇതിനിടെ മുൻ സെക്രട്ടറി കഴിഞ്ഞ മാർച്ചിൽ വിരമിച്ചു. മുൻ സെക്രട്ടറിയുടെ പേരിൽ സ്വർണമായും പണമായും നന്തിപുലം ബാങ്കിലുള്ള ഒരു കോടിയോളം രൂപയുടെ നിക്ഷേപം മരവിപ്പിച്ചിട്ടുണ്ട്.