ബാങ്കിങ് മേഖലയിൽ മറ്റൊരു വൻ ഏറ്റെടുക്കലിനു കൂടി കളമൊരുങ്ങുന്നു. ആലുവ ആസ്ഥാനമായ ഫെഡറൽ ബാങ്ക് കർണാടകയിലെ ജന സ്മോൾ ഫിനാൻസ് ബാങ്കിനെ (ജന എസ്എഫ്ബി) ഏറ്റെടുക്കുമെന്ന് വിവരം. ജന എസ്എഫ്ബിയുടെ നിയന്ത്രണ ഓഹരികൾ ഫെഡറൽ ബാങ്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലെത്തിയെന്നും റിപ്പോർട്ട്. നിലവിലെ പ്രമോട്ടർമാരായ ജന ഹോൾഡിങ്സ് കൈവശമുള്ള 16.9 ശതമാനം ഓഹരികൾ ഫെഡറൽ ബാങ്കിന് വിറ്റേക്കും. ബാക്കി ഓഹരികൾ ഓപ്പൺ ഓഫറിലൂടെ ഏറ്റെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വാർത്തകൾ പുറത്തു വന്നതോടെ ഇരു കമ്പനികളുടെയും ഓഹരി വില ഇടിഞ്ഞു. ഉച്ചയ്ക്ക് 02.45ന് ഫെഡറൽ ബാങ്ക് ഓഹരികൾ 3.24 ശതമാനം ഇടിഞ്ഞ് 246.30 രൂപയെന്ന നിലയിലാണ്. ജന എസ്എഫ്ബി ഓഹരികൾ ഇതേ സമയത്ത് 1.89 ശതമാനം ഇടിഞ്ഞ് 570.55 രൂപയിലുമെത്തി. എന്നാൽ സെബിയുടെ മാനദണ്ഡങ്ങൾ പ്രകാരം വിപണിയെ അറിയിക്കാൻ തക്കകാര്യങ്ങളൊന്നും ഇപ്പോഴില്ലെന്നാണ് ഫെഡറൽ ബാങ്കിന്റെ പ്രതികരണം. ഏറ്റെടുക്കൽ വാർത്ത സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടുമില്ല. പകരം ബാങ്കിന്റെ വളർച്ചയ്ക്കും വികസനത്തിനും വേണ്ട സാധ്യതകൾ പരിശോധിക്കുകയാണെന്ന് എക്സ്ചേഞ്ചിൽ സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു.
നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ മികച്ച സാമ്പത്തിക ഫലമാണ് ഫെഡറൽ ബാങ്ക് പുറത്തുവിട്ടത്. കമ്പനിയുടെ അറ്റലാഭം കഴിഞ്ഞ വർഷത്തെ 862 കോടി രൂപയിൽ നിന്ന് 37% വർധനയോടെ 1177 കോടി രൂപയിലെത്തി. 1897 കോടി രൂപയാണ് പ്രവർത്തന ലാഭം. പലിശവരുമാനം 8% ഉയർന്ന് 7238 കോടി രൂപയായി. അറ്റ പലിശവരുമാനം (എൻഐഐ) 2337 കോടി രൂപയിൽ നിന്ന് 2946 കോടി രൂപയായി വർധിച്ചതായും കണക്ക് പറയുന്നു. ബാങ്കിന്റെ മൊത്തം ബിസിനസ് 6 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ലിനു തൊട്ടരികിലെത്തിയെന്നും പാദഫല റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ജന എസ്എഫ്ബി
വർഷങ്ങളുെട പ്രവർത്തന പാരമ്പര്യമുള്ള ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളിലൊന്നാണ് ബംഗളൂരു ആസ്ഥാനമായ ജന എസ്എഫ്ബി. സ്മോൾ ഫിനാൻസ് ബാങ്ക് ശ്രേണിയിൽ രാജ്യത്തു നാലാമതാണെന്ന് ബാങ്കിന്റെ വെബ്സൈറ്റിലെ വിവരങ്ങൾ പറയുന്നു. 1.2 കോടി ഉപഭോക്താക്കളും രാജ്യത്താകെ 820ലധികം ശാഖകളും 6000 കോടി രൂപയിലധികം വിപണി മൂല്യവുമുണ്ട്. അടുത്തിടെ യൂണിവേഴ്സൽ ബാങ്ക് പദവിക്ക് വേണ്ടി റിസർവ് ബാങ്കിന് അപേക്ഷ നൽകിയിരുന്നെങ്കിലും നിരസിച്ചിരുന്നു.








