സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന പരിഗണന നൽകാനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി

 

സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന പരിഗണന നൽകാനാവില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ബാങ്കിംഗ് നിയമപ്രകാരം ലൈസൻസില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതു സംബന്ധിച്ച റിസർവ് ബാങ്ക് നിലപാടിൽ ഇടപെടണമെന്നുള്ള കേരളത്തിന്റെ അഭ്യർഥന തള്ളിയാണ് ധനമന്ത്രിയുടെ വിശദീകരണം. സഹകരണ സംഘങ്ങൾ (കോഓപ്പറേറ്റീവ് സൊസൈറ്റികൾ) ബാങ്കുകളല്ലെന്നാണ് റിസർവ് ബാങ്ക് നേരത്തെ വ്യക്തമാക്കിയത്.

1949ലെ ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ ഏഴ് പ്രകാരം റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങളെ മാത്രമാണ് ബാങ്കുകളായി കണക്കാക്കുക. നിക്ഷേപം സ്വീകരിക്കുന്നതിൽ ആർബിഐ സഹകരണ സംഘങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സൊസൈറ്റി അംഗങ്ങൾ അല്ലാത്തവരിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കാൻ സാധിക്കില്ലെന്നാണ് വ്യക്തമാക്കിയത്. സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കുന്നതാണ് ആർ.ബി.ഐയുടെ നിലപാട്.

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി അനുസരിച്ചാണ് റിസർവ് ബാങ്കിന്റെ പുതിയ ഉത്തരവ്. റിസർവ് ബാങ്കിന്റെ ലൈസൻസില്ലാത്ത സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കിങ്, ബാങ്കർ, എന്നിങ്ങനെ പേരിനൊപ്പം ചേർക്കാൻ പാടില്ലെന്ന് വിലക്കിയിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു. 2020 സെപ്തംബർ 29ന് ഈ നിയമം നിലവിൽ വന്നെങ്കിലും കേരളത്തിൽ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.