ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് മൂന്നാം മുന്നണി പ്രഖ്യാപിച്ച് ഒവൈസിയും ചന്ദ്രശേഖര്‍ ആസാദും. സമാജിക്ക് പരിവര്‍ത്തന്‍ മോര്‍ച്ച എന്ന പേരിലാണ് സഖ്യം രൂപീകരിച്ചത്. ചന്ദ്രശേഖര്‍ ആസാദ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന് അസദുദ്ദീന്‍ ഒവൈസി വ്യക്തമാക്കി.
തുടര്‍ച്ചയായി മൂന്നാം തവണയും ബിജെപി അധികാരത്തില്‍ തിരിച്ചെത്തുന്നത് തടയാന്‍ പുതിയ മുന്നണി ശ്രമിക്കുമെന്ന് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഒവൈസി പറഞ്ഞു. സഖ്യത്തെ ശക്തമായ രാഷ്ട്രീയ ബദല്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ദളിതര്‍, ന്യൂനപക്ഷങ്ങള്‍, പിന്നാക്ക വിഭാഗങ്ങള്‍, മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുന്നണി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഒവൈസി പറഞ്ഞു. സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി മുഖമായി ആസാദിനെ അദ്ദേഹം പ്രഖ്യാപിച്ചു. ഇതൊരു തിരഞ്ഞെടുപ്പ് ബദല്‍ മാത്രമല്ലെന്നും സാമൂഹിക മാറ്റത്തിനായുള്ള വേദിയാണെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
അതേസമയം, മൂന്നാം മുന്നണി രൂപീകരണം സമാജ്വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സഖ്യത്തിന് തലവേദന സൃഷ്ടിക്കും എന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ ഏകദേശം 40 ശതമാനത്തോളം വരുന്ന ദളിത്-മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിച്ചേക്കും എന്നാണ് സൂചന.
അതിനിടെ, ഉത്തര്‍പ്രദേശില്‍ സിറ്റിംഗ് എംഎല്‍എമാര്‍ക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നാണ് ബിജെപി ആഭ്യന്തര സര്‍വേ വിലയിരുത്തല്‍. തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ 52 മുതല്‍ 67 സീറ്റുകള്‍ വരെ നഷ്ടമായേക്കാം എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏകദേശം 35 ശതമാനത്തോളം സിറ്റിംഗ് എംഎല്‍എമാരെ മാറ്റാന്‍ നേതൃത്വം ആലോചിക്കുന്നതായാണ് വിവരം.







