Headlines

തിളങ്ങി ഉര്‍വശിയും വിജയരാഘവനും; മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍; ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി അഭിനേതാക്കള്‍

71-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ഏറ്റുവാങ്ങി അഭിനേതാക്കള്‍. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് മലയാളത്തിന്റെ മോഹന്‍ലാല്‍ ഏറ്റുവാങ്ങി. ഇതുകൂടാതെ അഞ്ച് പുരസ്‌കാരങ്ങളാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം ഉര്‍വശിയും സഹനടനുള്ള പുരസ്‌കാരം വിജയരാഘവനും ഏറ്റുവാങ്ങി. മികച്ച മലയാള ചിത്രം ഉള്ളൊഴുക്കിന്റെ സംവിധായകന്‍ ക്രിസ്റ്റോ ടോമി, പൂക്കാലം എന്ന സിനിമയിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള അവാര്‍ഡ് നേടിയ മിഥുന്‍ മുരളി, നോണ്‍ ഫീചര്‍ സിനിമ വിഭാഗത്തില്‍ എം കെ രാംദാസ് തുടങ്ങിയവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റവാങ്ങി. മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട ഷാരൂഖ് ഖാന്‍, വിക്രാന്ത് മാസി എന്നിവരും മികച്ച നടിയായ റാണി മുഖര്‍ജിയും അവാര്‍ഡുകള്‍ സ്വീകരിച്ചു. ഡല്‍ഹി വിജ്ഞാന്‍ ഭവനിലായിരുന്നു അവാര്‍ഡ് വിതരണ ചടങ്ങുകള്‍.

30 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് ഷാരൂഖ് ഖാന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ഷാരൂഖിന് ജവാനിലെ പ്രകടനത്തിനും വിക്രാന്ച് മാസിക്ക് ട്വല്‍ത്ത് ഫെയില്‍ എന്ന സിനിമയിലെ പ്രകടനത്തിനുമാണ് ദേശീയ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വെ എന്ന സിനിമയിലെ തീവ്രവികാരങ്ങളുള്ള കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് റാണി മുഖര്‍ജിക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ട്വല്‍ത്ത് ഫെയിലാണ് മികച്ച ചിത്രം. കേരള സ്റ്റോറിയിലൂടെ സുദിപ്‌തോ സെന്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരവും സ്വീകരിച്ചു

മോഹന്‍ലാല്‍ ദാദാ സാഹേബ് അവാര്‍ഡ് സ്വീകരിക്കുന്ന ദൃശ്യം എഴുന്നേറ്റുനിന്നുള്ള നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമയെന്നും പുരസ്‌കാരം മലയാള സിനിമയ്ക്കാകെ സമര്‍പ്പിക്കുന്നുവെന്നും ഈ നിമിഷം തന്റേത് മാത്രമല്ലെന്നും അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു. ഇത് മലയാള സിനിമ കുടുംബത്തിന്റേതാകെയാണെന്നും പറഞ്ഞ മോഹന്‍ലാല്‍ അവാര്‍ഡ് തന്റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.