Headlines

71ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ്; മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍; പുരസ്‌കാര നേട്ടത്തില്‍ ഉര്‍വശിയും വിജയരാഘവനും

71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടത്. ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉര്‍വശി മികച്ച സഹനടിയായി. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവന്‍ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരത്തിന് പൂക്കാലം എന്ന ചിത്രത്തിലൂടെ മിഥുന്‍ മുരളി അര്‍ഹനായി. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ പുരസ്‌കാരം മോഹന്‍ദാസിനാണ് (2018).

വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12TH ഫെയില്‍ ആണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും നേടി. മികച്ച നടിക്കുള്ള പുരസ്‌കാരം റാണി മുഖര്‍ജിക്കാണ്. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം കേരള സ്റ്റോറിയിലൂടെ സുദിപ്‌തോ സെന്‍ നേടി. മികച്ച ജനപ്രിയ സിനിമ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ്.

അനിമലിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. പാര്‍ക്കിങ് ആണ് മികച്ച തമിഴ് ചിത്രം. ജി.വി. പ്രകാശ് കുമാര്‍ ആണ് മികച്ച സംഗീത സംവിധായകന്‍. അനിമല്‍ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയ ഹര്‍ഷ് വര്‍ധന്‍ രാമേശ്വറും അവാര്‍ഡിന് അര്‍ഹനായി.