ധര്‍മസ്ഥലയിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ നാലാം ദിവസത്തെ തിരച്ചിലില്‍ ഒന്നും കണ്ടെത്താന്‍ ആയില്ല. ഏഴാം സ്‌പോട്ടിലും, എട്ടാം സ്‌പോട്ടിലും ആണ് ഇന്ന് പരിശോധന നടന്നത്. നാളെയും തിരച്ചില്‍ തുടരും. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചായിരുന്നു എട്ടാം സ്‌പോട്ടിലെ പരിശോധന. പുഴയോട് ചേര്‍ന്ന ഭാഗമായതിനാല്‍ സ്ഥിരമായി വെള്ളം കയറാറുള്ള പ്രദേശമാണിത്.
വെളിപ്പെടുത്തലിന് പിന്നാലെ ക്ഷേത്രം ധര്‍മാധികാരി വീരേന്ദ്ര ഹെഗ്ഡേയുടെ സഹോദരന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നുണ്ടായ മാധ്യമവിലക്ക് കര്‍ണാടക ഹൈക്കോടതി റദ്ധാക്കി.വാര്‍ത്തകള്‍ നല്‍കി ക്ഷേത്രത്തെ അപമാനിക്കുന്നു എന്ന് കാട്ടിയാണ് ഹര്‍ജി നല്‍കിയത്.
കേസ് വീണ്ടും സെഷന്‍സ് കോടതി പരിഗണിക്കും. പണ്ട് തിരിച്ചറിയാത്ത നിരവധിപേരുടെ മൃതദേഹങ്ങള്‍ ഇപ്പോള്‍ പരിശോധിക്കുന്നയിടത്ത് കുഴിച്ചിട്ടിട്ടുണ്ട് എന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കേശവ ഗൗഡ ട്വന്റിഫോറിനോട് പറഞ്ഞു. ഇന്നലെ കണ്ടെത്തിയ അസ്ഥികള്‍ വിദഗ്ധ പരിശോധനയ്ക്കായി ബംഗളൂരുവിലെ ഫോറന്‍സിക് ലാബിലേക്ക് അയച്ചു.