Headlines

ധര്‍മ്മസ്ഥലയിലെ തിരച്ചില്‍: അസ്ഥികൂടം കണ്ടെത്തി

താന്‍ കുഴിച്ചിട്ട മൃതദേഹങ്ങളെക്കുറിച്ചുള്ള ശുചീകരണ തൊഴിലാളിയുടെ രാജ്യത്തെ ഞെട്ടിച്ച വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന തെളിവുകള്‍ ധര്‍മ്മസ്ഥലയില്‍ നിന്ന് കണ്ടെത്തി. തൊഴിലാളി കാണിച്ചുകൊടുത്ത സ്ഥലത്ത് ഇന്ന് നടത്തിയ തിരച്ചില്‍ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സൈറ്റ് ആറില്‍ നിന്നാണ് ഇതാദ്യമായി കേസിന് വഴിത്തിരിവാകുന്ന തെളിവുകള്‍ ലഭിച്ചിരിക്കുന്നത്.

ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മനുഷ്യ അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്. അസ്ഥികൂടത്തിന്റെ ചില ഭാഗങ്ങള്‍ നഷ്ടപ്പെട്ട നിലയിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ബലാത്സംഗം ചെയ്യപ്പെട്ടെന്നും കൊലചെയ്യപ്പെട്ടെന്നും 1998 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ താന്‍ അത്തരം നിരവധി മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നുമായിരുന്നു ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തല്‍.

ഫൊറന്‍സിക് ഉദ്യോഗസ്ഥരും പ്രത്യേക അന്വേഷണസംഘത്തിനൊപ്പം ഉണ്ടായിരുന്നു. അസ്ഥികൂട ഭാഗങ്ങള്‍ ഇവര്‍ തുടര്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഫൊറന്‍സിക് സംഘത്തിന്റെ വിശദപരിശോധനയില്‍ കുഴിച്ചിടപ്പെട്ട വ്യക്തിയുടെ പ്രായത്തെക്കുറിച്ചും കുഴിച്ചിട്ട കാലഘട്ടത്തെക്കുറിച്ചും പ്രാഥമിക ധാരണകള്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ ശുചീകരണ തൊഴിലാളി പറഞ്ഞ അഞ്ച് സൈറ്റുകളില്‍ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.