കർണാടകയിലെ ധർമ്മസ്ഥലയിൽ വെളിപ്പെടുത്തൽ നടത്തിയ ശുചീകരണത്തൊഴിലാളിയുമായി പ്രത്യേക അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്. മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് ശുചീകരണതൊഴിലാളി പറഞ്ഞ 15ലധികം ഇടങ്ങൾ മാർക്ക് ചെയ്തു. മൊഴിയിൽ കഴമ്പുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനാലാണ് സ്പോട്ട് മാർക്കിങ് വേഗത്തിൽ ആക്കിയത്. സ്നാനഘട്ടത്തിന് സമീപത്ത് വീണ്ടും മൂന്ന് സ്പോട്ടുകൾ കൂടി മാർക്ക് ചെയ്തു.
ഇന്ന് തന്നെ മാപ്പിങ് പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. 13 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കുഴിച്ചിട്ട മറ്റൊരു സ്ഥലം കൂടി ഉണ്ട്. അവിടേക്കും ശുചീകരണ തൊഴിലാളിയെ എത്തിച്ച് സ്‌പോട്ട് മാർക്ക് നടത്തും. ഇതിന് ശേഷം മാർക്ക് ചെയ്ത സ്പോട്ടുകൾ കുഴിച്ച് പരിശോധന നടത്തും. ആദ്യ ഘട്ടം പൂർത്തിയാക്കി ഇന്ന് തന്നെ അന്വേഷണ സംഘം റിപ്പോർട്ട് തയാറാക്കും. ഇതിന് ശേഷമാകും തുടർനടപടികൾ തീരുമാനിക്കുക. കർശന സുരക്ഷയിലാണ് തെളിവെടുപ്പ് നടന്നത്.
ശുചീകരണ തൊഴിലാളി നേരത്തെ താമസിച്ചിരുന്ന സ്ഥലത്തെ സ്നാനഘട്ടത്തിലാണ് തെളിവെടുപ്പ് നടന്നത്. ഈ പുഴയിൽ നിരവധി മൃതദേഹങ്ങൾ കണ്ടിരുന്നതായി ശുചീകരണ തൊഴിലാളി മൊഴി നൽകിയിരുന്നു. 2012-ൽ നടന്ന സൗജന്യ കൊലക്കേസ് മുതൽ, നൂറു കണക്കിന് അസ്വാഭാവിക മരണങ്ങളും തിരോധാനങ്ങളും ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.