സർക്കാരിന്റെ വയനാട് ഭവന പദ്ധതിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഒരു വീട് പോലും സർക്കാർ പണിത് നൽകിയില്ല. വീട് നിർമ്മിക്കുന്നത് ഊരാളുങ്കൽ സോസൈറ്റിയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
മാതൃക ഭവനത്തെ പോസിറ്റിവ് ആയി കാണുന്നു. പക്ഷെ, 30 ലക്ഷം രൂപയ്ക്കുള്ള വീട് ആണെന്ന് തോന്നുന്നില്ല. യൂത്ത് കോൺഗ്രസിന്റെ ഭവനനിർമാണം ഉടൻ ആരംഭിക്കും. യൂത്ത് കോൺഗ്രസ്സ് പണിത് നൽകുന്ന വീടിന് 8 ലക്ഷം രൂപ മാത്രമാണ്. ജനപ്രതിനിധി എന്ന നിലയിൽ പാലക്കാട് നൽകുന്ന വീടുകൾക്കും ചെലവ് 8 ലക്ഷം മാത്രമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കുറ്റപ്പെടുത്തി.
മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി യൂത്ത് കോൺഗ്രസ് നടത്തിയ ധനസമാഹാരണത്തിൽ പാളിച്ച ഉണ്ടായിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ നേരത്തെ പറഞ്ഞിരുന്നു. ഓരോ അസംബ്ലി കമ്മിറ്റികളും എത്രപണം അടച്ചുവെന്നത് കൃത്യമായി തെളിവടക്കം വെളിപ്പെടുത്തിയിട്ടുണ്ട്. പണം സമാഹരിച്ച് തട്ടിപ്പ് നടത്തിയെന്നല്ല സംഘടനയ്ക്കുള്ളിലെ ആരോപണമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ മണ്ഡലം കമ്മിറ്റിക്കും അസംബ്ലി കമ്മിറ്റിക്കും നൽകിയിട്ടുള്ള സമാഹരിക്കേണ്ട പണത്തിന്റെ ലക്ഷ്യം നിറവേറ്റാനാകാത്ത ചില കമ്മിറ്റികളുണ്ട്. അത്തരം കമ്മിറ്റികൾ ഇടുക്കിയിലുമുണ്ട്. അതൊരു സംഘടനാപരമായ വീഴ്ച എന്ന നിലയിലാണ് നടപടിയിലേക്ക് നീങ്ങിയിട്ടുള്ളത്. അത് ഏതെങ്കിലുമൊരു സുതാര്യത ഇല്ലായ്മയോ വെട്ടിപ്പോ അല്ലെന്നും രാഹുൽ വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുള്ള വീടകളുടെ തറക്കല്ലിടൽ ഈ മാസംതന്നെ രാഹുൽഗാന്ധി നിർവഹിക്കും. 770 കോടി രൂപ കിട്ടിയിട്ട് സംസ്ഥാന സർക്കാർ എന്തുചെയ്തുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞതുപോലെ ദുരന്തബാധിതരിൽ ഓരോരുത്തർക്കും ഒരുകോടി വീതം നൽകിയിരുന്നുവെങ്കിൽപോലും സർക്കാരിന്റെ കൈയിൽ പണം മിച്ചമിരുന്നേനെ എന്നും രാഹുൽ മാങ്കുട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.