ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് കേരള സര്‍വകലാശാലയില്‍ തുടര്‍ പഠനത്തിന് അനുമതി. കേരള സര്‍വകലാശാല ഡീന്‍സ് കൗണ്‍സില്‍ യോഗത്തിലാണ് അംഗീകാരം. വിദ്യാര്‍ഥികളുടെ പ്രതിഷേധം ട്വന്റിഫോര്‍ പുറത്തുകൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനമുണ്ടായിരിക്കുന്നത്.
കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏക സര്‍വകലാശാലയാണ് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല. എന്നിട്ടും അവിടെ നിന്ന് പാസായ കുട്ടികള്‍ കേരള സര്‍വകലാശാലയില്‍ തഴയപ്പെടുന്നു എന്നായിരുന്നു ട്വന്റിഫോര്‍ വാര്‍ത്ത. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വിസി കേരള സര്‍വകലാശാല വിസിയെ ആശങ്ക അറിയിക്കുമെന്നും ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിസി വിളിച്ചുചേര്‍ത്ത ഡീന്‍സ് കൗണ്‍സില്‍ യോഗത്തിലാണ് ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയിലെ 31 കോഴ്‌സുകള്‍ക്കും താത്ക്കാലിക അംഗീകാരം നല്‍കിയത്. തുടര്‍ നീക്കങ്ങള്‍ കൂടുതല്‍ ചര്‍ച്ചകളിലൂടെ തീരുമാനിക്കും.
ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയില്‍ പഠിച്ച ഏഴ് വിദ്യാര്‍ഥികള്‍ക്കാണ് മെറിറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്നിട്ടും അഡ്മിഷന്‍ നിഷേധിക്കപ്പെട്ടിരുന്നത്. ഈ വിദ്യാര്‍ഥികള്‍ക്ക് കേരള സര്‍വകലാശാലയില്‍ ഉന്നത പഠനം ആരംഭിക്കാമെന്നാണ് തീരുമാനം വന്നിരിക്കുന്നത്. വിദ്യാര്‍ഥികളുടെ ഒരു വര്‍ഷം നഷ്ടമാകില്ലെന്നത് ആശ്വാസമാകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിസി ഉടന്‍ ഉത്തരവ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.