ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി കസ്റ്റംസ് കേരളത്തിലെ 35 സ്ഥലങ്ങളിൽ പരിശോധന നടത്തിയെന്ന് കസ്റ്റംസ് കമ്മീഷ്ണർ ഡോ. ടി ടിജു വാർത്താസമ്മേളനത്തിൽ പറഞ്ഞു. 36 വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഭൂട്ടാനിൽ നിന്നുള്ള ഇരുനൂറിലേറെ വാഹനങ്ങളാണ് കേരളത്തിൽ ഉള്ളത്. ഇന്ത്യൻ ആർമിയുടെ വരെ ഡോക്യുമെൻ്റ്സ് കൃത്രിമമായി ഉണ്ടാക്കി. അങ്ങിനെയാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതെല്ലാം പരിവാഹൻ വെബ്സൈറ്റിൽ നോക്കുമ്പോൾ അവിടെ പോലും കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ എംബസി, അമേരിക്കൻ എംബസി എന്നിവയുടെയും കൃത്രിമ രേഖകൾ ഉണ്ടാക്കി. ആറുമാസത്തോളം കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ തെളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ദുൽഖർ സൽമാൻ, പൃഥ്വിരാജ് , അമിത് ചക്കാലക്കൽ തുടങ്ങിയ മൂന്ന് നടന്മാരുടെ വീട്ടിൽ പരിശോധന നടത്തി. ദുൽഖറിന്റെ രണ്ടു വാഹനങ്ങൾ പിടിച്ചെടുത്തു. ഈ കാറുകളുടെ രേഖകൾ വിശദമായി പരിശോധിക്കുമെന്നും നടന്മാരെ വിളിച്ചുവരുത്തുമെന്നും സമൻസ് നല്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അമിത് ചക്കാലക്കലിന്റെ വീട്ടിൽ നിന്ന് ഒരു കാറാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. ഇതും പരിശോധനയിൽ ഉൾപ്പെടുത്തും.
വിലകൂടിയ വാഹനങ്ങൾ ആദ്യം ഭൂട്ടാനിൽ എത്തിക്കും. അവിടെ നിന്ന് ഇന്ത്യയിലേക്ക് പാർട്സ് ആയി വാഹനങ്ങൾ എത്തിക്കുകയാണ് ചെയ്യുന്നത്. കസ്റ്റഡിയിൽ എടുത്ത വാഹനങ്ങൾക്ക് രേഖകൾ ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ ഇത്തരം വാഹനങ്ങൾ കള്ളക്കടത്ത് നടത്തിയ വിഭാഗത്തിലാണ് ഉൾപ്പെടുത്തുക. കൃത്യമായ രേഖകളോടെയല്ല വാഹനങ്ങൾ വാങ്ങിയതെങ്കിൽ കസ്റ്റംസ് നിയമം അനുസരിച്ച് നടപടികൾ നേരിടേണ്ടി വരും.നിലവിൽ പിടിച്ചെടുത്ത വാഹനങ്ങളുടെ പരിശോധന തുടരുകയാണ്. ഭൂട്ടാനിലെ നിന്നുള്ള കാർ കടത്ത് റാക്കറ്റിന് പിന്നിൽ കോയമ്പത്തൂരിൽ നിന്നുള്ള സംഘമാണ്. പ്രഥമദൃഷ്ട്യാ പ്രശ്നമുണ്ട് എന്ന് ബോധ്യപ്പെട്ട വണ്ടികളാണ് ഇന്ന് പിടിച്ചെടുത്തത്.ഭൂട്ടാൻ പട്ടാളത്തിൻ്റെ വാഹങ്ങളാണോ കേരളത്തിലേക്ക് കൊണ്ട് വന്നത് എന്നതിൽ നിലവിൽ വ്യക്തതയില്ല.എന്നാൽ ഇതെല്ലാം അറിഞ്ഞുകൊണ്ടാണ് വാഹനങ്ങൾ കൊണ്ടുവന്നതെങ്കിൽ അറസ്റ്റിലേക്ക് വരെ പോകേണ്ടി വരും. വിവരങ്ങൾ വിവിധ വകുപ്പുകൾക്ക് കൈമാറുമെന്നും കസ്റ്റംസ് കമ്മീഷ്ണർ കൂട്ടിച്ചേർത്തു.
ഇന്ത്യ- ഭൂട്ടാൻ അതിർത്തി വഴി എത്തിക്കുന്ന വാഹനങ്ങളിൽ സ്വർണ്ണവും മയക്കുമരുന്നുകളും കടത്തുന്നതായി റവന്യൂ ഇന്റലിജൻസും മറ്റ് ഏജൻസികളും കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.ഇത് ദേശീയ സുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമാണ് ഇത്തരം നീക്കങ്ങൾ. ഇങ്ങനെ എത്തിക്കുന്ന വാഹനങ്ങളെല്ലാം പലരും വാങ്ങിയിരിക്കുന്നതും വിറ്റിരിക്കുന്നതും നിയമവിരുദ്ധമായാണ്. ലിസ്റ്റിലെ 90 ശതമാനം വണ്ടികളും കൃത്രിമ രേഖകൾ ഉപയോഗിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ട് വന്നത്. ജിഎസ്ടി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്. പലതിനും ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയില്ലെന്നും കസ്റ്റംസ് കമ്മീഷ്ണർ ഡോ. ടി ടിജു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.