ശബരിമല സ്വർണപാളി വിവാദത്തിൽ പ്രതികരണവുമായി ചെന്നൈ ആസ്ഥാനമായുള്ള സ്മാർട്ട് ക്രിയേഷൻസ്. 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുവന്നത് ചെമ്പ് പാളികളെന്ന് സ്മാർട്ട് ക്രീയേഷൻസ് വൈസ് പ്രസിഡന്റ് മുരളി.ചെമ്പ് പാളികളിൽ മാത്രമേ സ്വർണം പൂശുകയുള്ളു. ഒരിക്കൽ ഇവിടെ സ്വർണം പൂശിയാൽ ആ പാളികളിൽ വീണ്ടും സ്വർണം പൂശാൻ ആകും. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയുമായി ബന്ധപ്പെട്ട പല കാര്യങ്ങൾക്കും സമീപിച്ചിട്ടുണ്ടെന്നും വൈസ് പ്രസിഡന്റ് മുരളി വ്യക്തമാക്കി.
‘എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റി തങ്ങളുടെ കസ്റ്റമർ ആണ്. വർഷങ്ങളായി പോറ്റിയെ അറിയാം. ശബരിമലയുടെ ബന്ധപ്പെട്ട വർക്കുകൾ മുൻപും ചെയ്തിട്ടുണ്ട് എന്നാൽ സ്വർണം പൂശിയ ശേഷം കവാടം എങ്ങോട്ട് കൊണ്ടുപോയി എന്ന് തങ്ങൾക്ക് അറിയില്ലെന്ന് സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ടാരി പറഞ്ഞു.വാതിലിന്റെ പൂജ നടന്നത് സ്മാർട്ട് ക്രിയേഷന്സിൽ വെച്ചായിരുന്നു അതിൽ ജയറാം അടക്കമുള്ളവർ പങ്കെടുക്കുകയും ചെയ്തിരുന്നു. കോടതി നടപടികൾ അനുസരിച്ച് മാത്രമാണ് നീങ്ങിയിട്ടുള്ളതെന്നും 2025 ൽ എത്തിച്ചത് 2019 ൽ ഇവിടെ നിന്ന് സ്വർണം പൂശി കൊണ്ടുപോയ പാളി തന്നെയാണെന്നും സ്മാർട്ട് ക്രിയേഷൻസ് അധികൃതർ വ്യക്തമാക്കി.
2018 ല്‍ വാതില്‍പ്പടിയുടെ സ്വര്‍ണത്തിന് തിളക്കം കുറഞ്ഞുവെന്ന പേരിലാണ് അറ്റകുറ്റപ്പണിക്കായി തീരുമാനിക്കുന്നത്. ഈ സമയത്താണ് സ്‌പോണ്‍സറായി ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്തെത്തുന്നതും, ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതും. എന്നാൽ ആന്ധ്രയിലെ ധനികനായ അയ്യപ്പഭക്തനിൽ നിന്ന് പണം വാങ്ങി വാതിൽപ്പടി നിർമ്മിച്ച് ചെന്നൈയില്‍ വെച്ച് സ്വർണ്ണം പൂശി ഉണ്ണികൃഷ്ണന്‍ പോറ്റി ഇത് പ്രദര്‍ശന വസ്തുവാക്കി പൂജ നടത്തി പണം കൈപ്പറ്റിയിരുന്നതായാണ് വിവരം. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സന്നിധാനത്തെ സ്വാധീനം വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്.
നെയ്യഭിഷേകത്തിന്റെ പേരിൽ ഭക്തരിൽ നിന്നും ലക്ഷക്കണക്കിന് രൂപ പിരിച്ചെന്ന് ദേവസ്വം വിജിലൻസിന് വിവരം ലഭിച്ചു. 2022 ജനുവരി ഒന്നിന് ബംഗളുരുവിലെ ഭക്തന്റെ പേരിൽ 18,001 നെയ്തേങ്ങ അഭിഷേകത്തിന് ഉണ്ണികൃഷ്ണൻ പോറ്റി എത്തിച്ചിരുന്നു. .2021 മുതൽ 23 വരെ നിരവധി പ്രാവശ്യം ഇത്തരത്തിൽ കൂട്ടത്തോടെ നെയ്യഭിഷേകത്തിന് ഉണ്ണികൃഷ്ണൻ പോറ്റി മുൻകൈയെടുത്തു.ഒടുവിൽ 2023 ൽ ദേവസ്വം ബോർഡ് തന്നെ ഇത് വിലക്കുകയായിരുന്നു.നെയ്യഭിഷേകം ഉൾപ്പെടെ പൂജകളുടെ പേരിൽ ഇയാൾ പലരിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നാണ് ദേവസ്വം ബോർഡ് വിജിലൻസിന് ലഭിച്ചിട്ടുള്ള വിവരം.