Headlines

‘പീഠം കാണാതെ പോയെന്ന് പരാതി കൊടുത്തിട്ടില്ല; സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞത് ചെന്നൈയിലെ കമ്പനിയോട് ചോദിക്കണം’; ഉണ്ണികൃഷ്ണൻ പോറ്റി

ശബരിമല സ്വർണപ്പാളി വിവാദത്തിൽ വീണ്ടും മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഉണ്ണികൃഷ്ണൻ പോറ്റി. പീഠം കാണാതെ പോയെന്ന് താൻ പരാതി കൊടുത്തിട്ടില്ല. സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞത് ചെന്നൈയിലെ കമ്പനിയോട് ചോദിക്കണമെന്നും പ്രതികരണം. രജിസ്റ്ററിൽ രേഖപ്പെടുത്താതെ വഴിപാട് വസ്തുക്കൾ എങ്ങനെ ശബരിമലയിൽ നിന്നും പുറത്തേക്ക് കൊണ്ടു പോയി എന്ന ചോദ്യത്തിന് അതിന് താൻ മറുപടി പറയേണ്ടതില്ലെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ മറുപടി.

താനൊന്നും കട്ടുകൊണ്ടു പോയതല്ലെന്നും മറുപടി പറയേണ്ടത് ഉദ്യോ​ഗസ്ഥരാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. പീഠം വീട്ടിലെത്തിച്ചിട്ടും എന്തുകൊണ്ട് പോലീസിനെ അറിയിച്ചില്ല, സഹോദരിയുടെ വീട്ടിലേക്ക് എന്തിനു മാറ്റി തുടങ്ങിയ ചോദ്യങ്ങളോടും ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരിച്ചില്ല. അതിനും മാധ്യമങ്ങളോട് ഉത്തരം പറയേണ്ട ബാധ്യത തനിക്കില്ലെന്നും ഇക്കാര്യങ്ങൾ അന്വേഷണം ഉദ്യോഗസ്ഥരോട് വ്യക്തമാക്കുമെന്നുമായിരുന്നു പ്രതികരണം.

സ്വകാര്യതയെ മാനിക്കണമെന്നും തന്നെക്കുറിച്ച് എന്തു മോശം വേണമെങ്കിലും എഴുതിക്കോളൂവെന്നും മാധ്യമങ്ങളോട് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. തന്റെ അന്തസ്സ് തിരിച്ചുപിടിക്കാൻ എനിക്കറിയാം. ബെം​ഗളൂരു ഒക്കെ പോയി മാധ്യമങ്ങൾ അന്വേഷിച്ചതല്ലേയെന്നും ഉണ്ണികൃഷ്ണൻ പോറ്റി ചോദിച്ചു. ദേവസ്വം വിജിലൻസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടെ ഇന്ന് ഉച്ചയ്ക്കാണ് ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. ശനിയാഴ്ച ദേവസ്വം വിജിലൻസ് എസ് പി ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യും.