SIR നടപടികൾ വൈകിപ്പിക്കുന്നു; ഉത്തർപ്രദേശിൽ BLOമാർക്കെതിരെ വീണ്ടും നടപടി; അഞ്ച് പേർക്കെതിരെ കേസ്

എസ്ഐആർ നടപടികൾ വൈകിപ്പിക്കുന്നെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ ബിഎൽഒമാർക്കെതിരെ വീണ്ടും നടപടി. അഞ്ച് പേർക്കെതിരെ കേസെടുത്തു. 42 ബിഎൽഒമാരുടെ വേതനം തടഞ്ഞു. ബഹ്‌റൈച്ച് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. കഴിഞ്ഞ ദിവസം നോയിഡയിൽ 60 ബിഎൽഒമാർക്കെതിരെ കേസെടുത്തിരുന്നു. നോയിഡയിലെ 181 ബി‌എൽ‌ഒമാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു.

ബഹ്റൈച്ചിൽ രണ്ട് ബിഎൽഒമാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഒൻപത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടക്കുന്ന എസ്‌ഐആർ രണ്ടാം ഘട്ടം പുരോ​ഗമിക്കുകയാണ്. എന്യുമറേഷൻ‌ ഫോം വിതരണത്തിന്റെയും ശേഖരണത്തിനും ഡിസംബർ 4 വരെയാണ് സമയപരിധി നൽകിയിട്ടുള്ളത്. ആവർത്തിച്ചുള്ള നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും നോട്ടീസുകളും ഉണ്ടായിരുന്നിട്ടും, നിരവധി ബി‌എൽ‌ഒമാർ പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് നോഡിയ ഭരണകൂടം പറയുന്നു. തുടർന്നാണ് നടപടി സ്വീകരിച്ചിട്ടുള്ളത്.

ബി‌എൽ‌ഒമാർ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും നേരിട്ട് പരിശോധന നടത്താൻ കളക്ടർ നിർദ്ദേശം നൽകി. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കാണ് നിർദ്ദേശം നൽകിയത്. ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാത്ത ബി എൽ ഓ മാരുടെ ദിവസവേതനം റദ്ദാക്കാനും തീരുമാനിച്ചു. എസ്ഐആർ നടപടികൾ അഞ്ച് ശതമാനത്തിൽ താഴെ മാത്രം പൂർത്തീകരിച്ചവർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാത്ത ഉദ്യോ​ഗസ്ഥരെക്കുറിച്ച് അന്വേഷിക്കാൻ‌ പൊതു വിദ്യാഭ്യാസ ഓഫീസർ നിർ‌ദേശം നൽകി.