കോട്ടയം: താഴത്തങ്ങാടി കൊലപാതക കേസിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഗൃഹനാഥനും മരിച്ചു. ഒരു മാസത്തിലധികം മരണവുമായി പോരാടിയതിന് ശേഷമാണ് കോട്ടയം താഴത്തങ്ങാടി ഷാനി മൻസിലിൽ മുഹമ്മദ് സാലി മരണത്തിനു കീഴ്പ്പെട്ടത്.
ജൂൺ ഒന്നിനാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മുഹമ്മദ് സാലിയെയും ഭാര്യ ഷീബയെയും വൈകുന്നേരം നാലുമണിയോടെ വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൈ ഇരുമ്പ് കമ്പി കൊണ്ട് കെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്.
ഇരുവരെയും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ ഷീബ മരിച്ചിരുന്നു എന്നാണ് ഡോക്ടർമാർ കണ്ടെത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാലിയെ അന്ന് രാത്രി തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തുടർന്ന് നടന്ന ചികിത്സയിലും കാര്യമായ പുരോഗതി ഉണ്ടായില്ല. തുടർന്ന് ഇന്ന് വൈകുന്നേരം ഏഴരയോടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ താഴത്തങ്ങാടി പാറപ്പാടം വേളൂർ കരയിൽ മാലിയിൽ പറമ്പിൽ വീട്ടിൽ മുഹമ്മദ് ബിലാലിനെ(23) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വീടുമായി അടുപ്പമുണ്ടായിരുന്ന പ്രതിയെ ഒരു ദിവസം കഴിഞ്ഞാണ് പൊലീസ് പിടികൂടിയത്. കോട്ടയം ചെങ്ങളത്ത് പെട്രോൾ പമ്പിൽ നിന്ന് പെട്രോൾ അടിക്കുന്ന സിസിടിവി ദൃശ്യം കിട്ടിയതാണ് കേസിൽ വഴിത്തിരിവായത്.
അക്രമം നടത്തിയ ശേഷം അതെ വീട്ടിൽ നിന്ന് കാറുമായി കടന്നുകളഞ്ഞ ബിലാലിനെ കൊച്ചിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ആലപ്പുഴയിൽ നിന്ന് കാർ കണ്ടെടുത്തു. മോഷ്ടിച്ച സ്വർണവും പണവും കൊച്ചിയിൽ പ്രതി താമസിച്ച വീട്ടിൽ നിന്ന് കണ്ടെത്തി.