സംസ്ഥാനത്ത് നിലവിലുള്ളത് രണ്ട് ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പ്രത്യേക പ്രദേശത്ത് 50 ൽ കൂടുതൽ കേസുകളുണ്ടാകുന്ന സാഹചര്യത്തിലാണ് ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകൾ ഉണ്ടായതായി കണക്കാക്കുന്നത്. കേരളത്തിൽ ഇതുവരെ രണ്ട് ഉണ്ടായിട്ടുള്ളത് രണ്ട് ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാണ്. പൊന്നാനിയും തിരുവനന്തപുരം നഗരത്തിലെ മൂന്ന് വാർഡുകളും. ഈ രണ്ടിടങ്ങളിലും ശാസ്ത്രീയമായ ക്ലസ്റ്റർ മാനേജ്മെന്റ് സ്ട്രാറ്റർജി നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് കേസുകളും അവയുടെ കോണ്ടാക്ടുകളും ഒരു പ്രദേശത്ത് എങ്ങനെയാണെന്ന് മനസിലാക്കി കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കും. ഇവിടെ പെരിമീറ്റർ കൺട്രോൾ നടപ്പിലാക്കും. ആ പ്രദേശത്ത് കടക്കുന്നതിനും ഇറങ്ങുന്നതിനും ഒരു വഴി മാത്രം ഉപയോഗിക്കുന്ന രീതിയിൽ അവിടേക്കുള്ള വരവും പോക്കും കർശനമായി നിയന്ത്രിക്കും.
കണ്ടെയ്ൻമെന്റ് സോണുകൾക്കകത്ത് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ടോ എന്ന് മനസിലാക്കാനുള്ള വിശദമായ രൂപരേഖ നടപ്പാക്കും. അതിനായി ടെസ്റ്റിംഗ് തീവ്രമാക്കും. വീടുകൾ സന്ദർശിച്ച് ശ്വാസകോശ സംബന്ധമായ മറ്റ് രോഗങ്ങൾ ബാധിച്ചവരുണ്ടോയെന്ന് കണ്ടെത്തും. അവർക്ക് ആന്റിജൻ ടെസ്റ്റുകൾ നടത്തും. പോസിറ്റീവ് കേസുകൾ കണ്ടെത്തിയാൽ കോണ്ടാക്ട് ട്രെയ്സിംഗാണ് അടുത്ത ഘട്ടം. ഇതിനായി സന്നദ്ധ വൊളന്റിയർമാരെയും നിയോഗിക്കും.