ന്യൂയോർക്ക്: ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ തീരുമാനം അപകടകരമെന്ന് ഐക്യരാഷ്ട്രസഭ. മേഖലയിലെ സംഘർഷാവസ്ഥ മൂർച്ഛിക്കാൻ ഇസ്രയേൽ അധിനിവേശം ഇടയാക്കുമെന്ന് സെക്രട്ടറി ജനറൽ ആന്‍റണിയൊ ഗുട്ടെറെസ് വ്യക്തമാക്കി. ഇന്ന് യുഎൻ അടിയന്തര സുരക്ഷാ കൗൺസിൽ ചേരുമെന്നാണ് റിപ്പോർട്ട്. തീരുമാനങ്ങൾ ഇസ്രയേലിന്‍റേതാണ് എന്നായിരുന്നു പരോക്ഷ പിന്തുണ അറിയിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രതികരണം
ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കത്തെ സൗദി അറേബ്യ, ജോർദാൻ, തുർക്കി, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അപലപിച്ചു. ബ്രിട്ടനും ഫ്രാൻസും കാനഡയും സ്വതന്ത്ര പലസ്തീനെ അംഗീകരിക്കണമെന്ന നിലപാടിലാണ്. ഇസ്രയേലിലെ പ്രതിപക്ഷവും എതിർപ്പ് ശക്തമാക്കി- “ഇത് ദുരന്തം ക്ഷണിച്ചു വരുത്തലാണ്. സൈന്യത്തിന്‍റെ നിർദേശവും അവഗണിച്ചിരിക്കുന്നു. ബെൻഗഫിർ, സ്മോറിച്ച് എന്നീ വലതുപക്ഷ മന്ത്രിമാരുടെ ആഗ്രഹമാണ് നടക്കുന്നത്”- എന്നാണ് പ്രതിപക്ഷ നേതാവ് യേർ ലാപിഡിന്‍റെ പ്രതികരണം. നെതന്യാഹു സർക്കാർ വീണാൽ ഒരുപാടു ജീവനുകൾ രക്ഷിക്കപ്പെടുമെന്നാണ് ഡെമോക്രാറ്റിക് മേധാവിയും മുൻ സൈനിക ഉപ മേധാവിയുമായ യേ ഗോലാന്‍റെ പ്രതികരണം.
ഗാസയിൽ മാസങ്ങൾ നീണ്ടുനിൽക്കുന്ന പിടിച്ചടക്കൽ നടപടി ഉചിതമായിരിക്കില്ലെന്ന സൈനിക നേതൃത്വത്തിൽ നിന്നുള്ളവരുടെ നിർദേശങ്ങളും അവഗണിച്ചാണ് സുരക്ഷാ കാബിനറ്റ് അനുമതിയോടെ ബെഞ്ചമിൻ നെതന്യാഹു മുന്നോട്ടു പോകുന്നത്. ഹമാസിനെ കീഴടക്കുന്നതിനൊപ്പം ബന്ദികളുടെ മോചനം കൂടിയാണ് ലക്ഷ്യം. എന്നാൽ ഈ നീക്കത്തിലൂടെ ബന്ദികളെ സുരക്ഷിതമായി തിരികെയെത്തിക്കാൻ കഴിയുമോ എന്ന ചോദ്യം ബന്ദികളുടെ ബന്ധുക്കൾ ഉൾപ്പെടെ ഉന്നയിക്കുന്നുണ്ട്.
നെതന്യാഹുവിന്റെ പദ്ധതിക്ക് സുരക്ഷാ ക്യാബിനറ്റിന്റെ അനുമതി
ഗാസ നഗരത്തെ ഏറ്റെടുക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പദ്ധതിക്ക് സുരക്ഷാ കാബിനറ്റ് അനുമതി നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഒന്നിലധികം ഘട്ടങ്ങളിലൂടെ ആയിരിക്കും ഗാസ നഗരം ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാക്കുക. ഗാസ നഗരം ഒഴിപ്പിക്കലും സഹായ വിതരണം വിപുലീകരിക്കലും ഉൾപ്പെടുന്ന ആദ്യ ഘട്ട പ്രവർത്തനത്തിനുള്ള അവസാന തിയ്യതി ഒക്ടോബർ ഏഴാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇസ്രയേൽ-ഹമാസ് .യുദ്ധം തുടങ്ങിയത് 2023 ഒക്ടോബർ 7നാണ്.