Headlines

ചേർത്തല തിരോധാന കേസുകൾ; സെബാസ്റ്റ്യന്റെ ചോദ്യം ചെയ്യൽ തുടരുന്നു; മൊഴികൾ വിശദമായി പരിശോധിക്കും

സ്ത്രീകളുടെ തിരോധാന കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള സെബാസ്റ്റ്യന്റെ ചോദ്യം ചെയ്യൽ തുടരുന്നു. ആദ്യം ചോദ്യങ്ങൾക്ക് പ്രതികരിക്കാതിരുന്ന സെബാസ്റ്റ്യൻ ഇപ്പോൾ ചില കാര്യങ്ങൾ പറയുന്നുണ്ട്. എന്നാൽ ഇവ വഴിതെറ്റിക്കാൻ ആണോ എന്ന സംശയം അന്വേഷണ സംഘത്തിന് ഉണ്ട്. അതുകൊണ്ടുതന്നെ മൊഴികളുടെ വിശദമായ പരിശോധനകളും നടക്കുന്നുണ്ട്.

തിരോധാനങ്ങൾ നടന്ന സമയത്ത് സെബാസ്റ്റ്യൻ എവിടെയായിരുന്നു എന്നത് സംബന്ധിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ഇതിനായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തുന്നുണ്ട്. സെബാസ്റ്റ്യന്റെ ഭാര്യയെ വിളിച്ചുവരുത്തി രണ്ട് ദിവസം ചോദ്യം ചെയ്തിരുന്നു
അതേസമയം ജയ്നമ്മയെ പരിചയം ഉണ്ടായിരുന്നെന്ന് സെബാസ്റ്റ്യൻ സമ്മതിച്ചിരുന്നു. സെബാസ്റ്റ്യന്റെ കോട്ടയത്തെ ഭാര്യവീട്ടിൽ അന്വേഷണസംഘം പരിശോധന നടത്തി. ഇവിടെ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് നിർണായ തെളിവുകൾ ലഭിച്ചു എന്നാണ് വിവരം. മറ്റ് സ്ത്രീകളുടെ തിരോധാനങ്ങൾ കൃത്യമായ ഇടവേളകളിലാണെന്നും അന്വേഷണസംഘം വിലയിരുത്തുന്നുണ്ട്.

തുടർച്ചയായ ചോദ്യം ചെയ്യലിന് ഒടുവിലാണ് ജൈനമ്മയെ പരിചയമുണ്ടെന്ന് സെബാസ്റ്റ്യൻ പറഞ്ഞത്. ഒരു പ്രാർത്ഥന സംഘത്തിൽ ഇരുവരും കുറേക്കാലം ഒന്നിച്ച് ഉണ്ടായിരുന്നു. ഇവിടെവച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്ന് അന്വേഷണസംഘം കണ്ടെത്തി. എന്നാൽ തിരോധനം സംബന്ധിച്ച ചോദ്യങ്ങൾക്ക് സെബാസ്റ്റ്യൻ മറുപടി പറഞ്ഞിട്ടില്ല.