Headlines

ചേർത്തലയിലെ തിരോധാന കേസുകൾ; പ്രതി സെബാസ്റ്റ്യനുമായി ഇന്ന് തെളിവെടുപ്പ് നടക്കും

ആലപ്പുഴ ചേർത്തലയിലെ തിരോധാന കേസുകളിൽ അന്വേഷണം നിർണായകഘട്ടത്തിൽ. അസ്ഥികൂട അവശിഷ്ടങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി ഇന്ന് തെളിവെടുപ്പ് നടക്കും. തലയോട്ടിയുടെ ഒരു ഭാഗവും കാലുകളുടെ അവശിഷ്ടങ്ങളും മാത്രമാണ് ഇതുവരെ കണ്ടെടുക്കാൻ സാധിച്ചത്. അവശേഷിക്കുന്ന ശരീരഭാഗങ്ങൾ എവിടെയെന്ന് കണ്ടെത്തുകയും അന്വേഷണ സംഘത്തിന്റെ ലക്ഷ്യമാണ്.

അന്വേഷണത്തോട് സഹകരിച്ച് തുടങ്ങിയ സെബാസ്റ്റ്യനിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണസംഘം. സെബാസ്റ്റ്യൻ വീടിനുള്ളിൽ പുതിയതായി ഗ്രാനൈറ്റ് പാകിയ സ്ഥലത്തും ഇന്ന് പരിശോധന നടത്തിയേക്കും. തറയ്ക്കുള്ളിൽ ശരീരാവശിഷ്ടങ്ങൾ ഉള്ളതായി പോലീസിന് സംശയമുണ്ട്. ഇനി അഞ്ചു ദിവസം കൂടിയെ കസ്റ്റഡി കാലാവധി അവശേഷിക്കുന്നുള്ളൂ.

സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് അസ്ഥികൾ കണ്ടെത്തിയതിൽ തുടങ്ങിയ അന്വേഷണമാണ് ജൈനമ്മ, ബിന്ദു, ഐഷാ എന്നീ സ്ത്രീകളുടെ തിരോധാനത്തിലേക്ക് വിരൽ ചൂണ്ടിയത്. മൂന്ന് കേസുകളിലും സെബാസ്റ്റ്യന് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. കാണാതായ ജൈനമ്മ കൊല്ലപ്പെട്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. സെബാസ്റ്റ്യന്റെ വീട്ടിൽ കണ്ടെത്തിയ ക്ലിപ്പിട്ട പല്ല് ഐഷയുടേതിന് സമാനമെന്ന് സുഹൃത്ത്. മൂന്ന് കേസിലും അന്വേഷണം ഏകോപിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.