വടക്കൻ പറവൂരിലെ വിസ്മയയുടെ മരണം: സഹോദരി ജിത്തു ജില്ല വിട്ടതായി പോലീസ്

 

എറണാകുളം വടക്കൻ പറവൂരിൽ വീട്ടിൽ കത്തിക്കരിഞ്ഞ് കണ്ടെത്തിയ വിസ്മയയുടെ മരണത്തിൽ സഹോദരി ജിത്തുവിനായി പോലീസ് അന്വേഷണം ശക്തമാക്കി. ജിത്തു ജില്ല വിട്ടുപോയതായി പോലീസ് സംശയിക്കുന്നു. അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു

പനോരമ നഗർ അറയ്ക്കപ്പറമ്പിൽ ശിവാനന്ദന്റെ മകൾ വിസ്മയ(25) ആണ് കൊല്ലപ്പെട്ടത്. ഇതിന് ശേഷം സഹോദരി ജിത്തുവിനെ(22) കാണാതായിരുന്നു. വിസ്മയയെ കൊലപ്പെടുത്തിയ ശേഷം ജിത്തു രക്ഷപ്പെട്ടതായാണ് സംശയിക്കുന്നത്.

വിസ്മയയുടെ ഫോൺ ജിത്തു ഉപയോഗിച്ചിരുന്നുവെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ആയി. ജിത്തു വീട്ടിൽ നിന്ന് ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് വിസ്മയ കൊല്ലപ്പെട്ടത്. വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട അയൽവാസികളാണ് പോലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരം അറിയിച്ചത്

വീടിന്റെ രണ്ട് മുറികൾ പൂർണമായി കത്തിയിരുന്നു. വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടത്. മൃതദേഹത്തിലുണ്ടായിരുന്ന മാലയിലെ ലോക്കറ്റ് കണ്ടാണ് മരിച്ചത് വിസ്മയയാണെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞത്.