വിസ്മയയുടെ മരണം: പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരുടെയും ഫോറൻസിക് ഡയറക്ടറുടെയും മൊഴിയെടുത്തു

 

വിസ്മയയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന പോലീസ് സംഘം പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുടെയും ഫോറൻസിക് ഡയറക്ടറുടെയും മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്ന് ഡോക്ടർമാരുടെയും ഫോറൻസിക് ഡയറക്ടർ ശശികലയുടെയും മൊഴികളാണ് ശേഖരിച്ചത്.

ശുചിമുറിയുടെ ജനാലയിൽ കെട്ടിയിരുന്ന തോർത്ത് കഴുത്തിൽ മറുക്കിയാണ് വിസ്മയ മരിച്ചത്. ഇത് വിസ്മയ സ്വയം ചെയ്തതാണോ അതോ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണോ എന്ന ചോദ്യത്തിനാണ് ഡോക്ടർമാരിൽ നിന്ന് പോലീസ് ഉത്തരം തേടിയത്. വിസ്മയയുടെ കഴുത്തിലെ പാടുകൾ, അതിന്റെ ആഴം, സ്വയം തൂങ്ങുമ്പോഴും മറ്റൊരാൾ കെട്ടിത്തൂക്കുമ്പോഴുമുള്ള വ്യത്യാസം തുടങ്ങിയ ചോദ്യങ്ങളിലാണ് ഡോക്ടർമാരിൽ നിന്ന് ഉത്തരം തേടിയത്.

വിസ്മയയെ മരിച്ച നിലയിൽ കണ്ട ശുചിമുറിയിൽ ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. വിസ്മയയുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ, കിരണിന്റെ അയൽക്കാർ, സഹപ്രവർത്തകർ എന്നിവരിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. ഇന്ന് കിരണിന്റെ സഹോദരി ഭർത്താവിനെയും പോലീസ് ചോദ്യം ചെയ്യും.