വിസ്മയയുടെ ദുരൂഹ മരണം: കിരൺ കുമാറിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

 

കൊല്ലം പോരുവഴിയിൽ ഭർതൃപീഡനത്തിന് പിന്നാലെ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കിരൺ കുമാറിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ രാത്രിയോടെയാണ് ശൂരനാട് പോലീസിൽ ഇയാൾ കീഴടങ്ങിയത്. മോട്ടോൾ വെഹിക്കിൾ അസി. ഇൻസ്‌പെക്ടർ കൂടിയാണ് ഇയാൾ

ഗാർഹിക പീഡനപ്രകാരമുള്ള കേസ് കിരണിനെതിരെ ചുമത്തും. വിസ്മയയുടെ മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും. വിസ്മയയുടെ വീട്ടിൽ വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ ഇന്ന് സന്ദർശനം നടത്തും.

വിവാഹം കഴിഞ്ഞതു മുതൽ കിരൺ വിസ്മയയെ സ്ത്രീധനത്തിന്റെ പേരിൽ ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഞായറാഴ്ച രാത്രിയും മർദനമുണ്ടായി. ഇതിന്റെ ചിത്രങ്ങൾ സഹിതം വിസ്മയ തന്റെ വീട്ടിലേക്ക് വാട്‌സാപ്പ് വഴി അയച്ചു നൽകിയിരുന്നു. പിന്നാലെയാണ് ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ വിസ്മയ മരിച്ചുവെന്ന വിവരം കുടുംബം അറിയുന്നത്.

100 പവൻ സ്വർണവും ഒന്നേ കാൽ ഏക്കർ ഭൂമിയും പത്ത് ലക്ഷം രൂപ വില വരുന്ന കാറും വിസ്മയയുടെ കുടുംബം സ്ത്രീധനമായി കിരണിന് നൽകിയിരുന്നു. എന്നാൽ കാറിന്റെ മൂല്യം കുറഞ്ഞു പോയി എന്ന് പറഞ്ഞായിരുന്നു കിരണിന്റെ മർദനം.