ന്യൂഡൽഹി • കോവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം ആശങ്കയുണ്ടാക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡെൽറ്റ പ്ലസിനെ കരുതിയിരിക്കണമെന്ന് കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലകളിലും ക്ലസ്റ്ററുകളിലും പ്രതിരോധ നടപടികൾ, പരിശോധന, വാക്‌സിനേഷൻ എന്നിവ വേഗത്തിലാക്കാനും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
ഡെൽറ്റ പ്ലസ് ബാധിച്ച 22 കേസുകളാണ് രാജ്യത്തു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡെൽറ്റ പ്ലസ് ആശങ്കയുണ്ടാക്കുന്ന വകഭേദമല്ലെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ നേരത്തേയുള്ള നിലപാട്. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ മറികടക്കാനും ആന്റിബോഡികളെ ചെറുക്കാനും ശേഷിയുള്ളത് കൊണ്ടാണ് ഡെല്‍റ്റ പ്ലസിനെ സൂക്ഷിക്കണമെന്ന് പറയുന്നത്. വാക്സീന്‍ എടുത്തവരില്‍ ഡെല്‍റ്റ പ്ലസ് വന്നിട്ടുള്ളതായി റിപ്പോര്‍ട്ട് ഉണ്ടെങ്കിലും വാക്സീന്റെ പ്രതിരോധ ശേഷിയെ മറികടന്നിട്ടില്ലെന്നും മരണം സംഭവിച്ചിട്ടില്ലെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ഇതുവരെ പ്രത്യക്ഷപ്പെട്ട കൊറോണ വൈറസിന്റെ വകഭേദങ്ങളില്‍ ഏറ്റവും അപകടകാരിയാണു ഡെല്‍റ്റ പ്ലസ്. വായുവിലൂടെ എളുപ്പത്തില്‍ പകരുമെന്നതില്‍ അതിവേഗ വ്യാപനശേഷിയുണ്ട്. 12 വയസ്സിനു മുകളിലുള്ള കുട്ടികളിലും സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ യൂറോപ്പിലാണ് ആദ്യമായി കണ്ടെത്തിയത്. ഇതു നേപ്പാളില്‍ നിന്നെത്തിയവരിലാണെന്ന് പിന്നീട് ഇംഗ്ലണ്ടിലെ ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വന്ന് ഭേദമായ ശേഷം രണ്ട് ഡോസ് വാക്സീനും സ്വീകരിച്ച 65കാരിക്കായിരുന്നു രോഗം. പിന്നാലെ മധ്യപ്രദേശില്‍ നാലുപേരിലും മഹാരാഷ്ട്രയില്‍ 21 പേരിലും സ്ഥിരീകരിച്ചു. തമിഴ്നാട്, പഞ്ചാബ് എന്നിവിടങ്ങളിലും കണ്ടെത്തി. കേരളത്തില്‍ പാലക്കാട്, പത്തനംതിട്ട ജില്ലകളിലായി മൂന്ന് ഡെല്‍റ്റ പ്ലസ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.