ജോസഫൈന്റെ പരാമർശം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചർച്ച ചെയ്യും; വഴി തടയൽ സമരവുമായി കോൺഗ്രസും

 

പരാതി പറയാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്റെ നടപടി ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. ജോസഫൈനെതിരെ നടപടി സ്വീകരിക്കണമോയെന്ന കാര്യവും യോഗം ചർച്ച ചെയ്യും. വിഷയത്തിൽ ജോസഫൈൻ ഖേദപ്രകടനം നടത്തിയെങ്കിലും ഇവർക്കെതിരെ സംസ്ഥാനത്ത് തന്നെ പ്രതിഷേധം ശക്തമാകുകയാണ്

സിപിഎം നേതാക്കളാരും തന്നെ ജോസഫൈനെ ന്യായീകരിച്ച് രംഗത്തുവന്നിട്ടില്ല. പാർട്ടി അണികളിൽ നിന്ന് പോലും വനിതാ കമ്മീഷൻ അധ്യക്ഷക്കെതിരെ വിമർശനം ഉയരുകയാണ്. കാലാവധി തീരാൻ ഒരു വർഷം ബാക്കി നിൽക്കുന്ന ജോസഫൈനെ സിപിഎം പുറത്താക്കാൻ തയ്യാറാകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

പ്രതികരണങ്ങളിൽ കരുതൽ വേണമെന്ന ശക്തമായ നിർദേശം പാർട്ടി നേരത്തെ നൽകിയിരുന്നു. എന്നിട്ടും കേന്ദ്ര കമ്മിറ്റി അംഗത്തിൽ നിന്നുണ്ടായ അനുഭവം പാർട്ടിക്കും തിരിച്ചടിയാണ്. കോൺഗ്രസ് ജോസഫൈനെതിരെ ഇന്ന് മുതൽ വഴിതടയൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയും വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് തുടരാൻ ജോസഫൈനെ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറയുന്നു.