സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; മന്ത്രിസഭാ രൂപീകരണം പ്രധാന അജണ്ട

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മന്ത്രിസഭാ രൂപീകരണമാണ് യോഗത്തിന്റെ പ്രധാന അജണ്ട. ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പ് ഏതൊക്കെ പാർട്ടികൾക്ക് മന്ത്രിസ്ഥാനം നൽകണമെന്നതിനെ കുറിച്ച് യോഗം ചർച്ച ചെയ്യും

സിപിഎമ്മിൽ നിന്ന് 13 പേരാണ് മന്ത്രിസ്ഥാനത്തേക്ക് വരിക. ഇത് ആരൊക്കെയാകണമെന്ന കാര്യവും സെക്രട്ടേറിയറ്റ് തീരുമാനിക്കും. വരും ദിവസങ്ങളിൽ സംസ്ഥാന സമിതി കൂടി ചേർന്നാകും അന്തിമ തീരുമാനമെടുക്കുക. ഇതിന് ശേഷം പ്രഖ്യാപനമുണ്ടാകും

സിപിഐയുമായി ഇന്ന് ഉഭയകക്ഷി ചർച്ച നടത്തും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ എകെജി സെന്ററിലെത്തി കേരളത്തിലെ പിബി അംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു.