സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്പ നിയമം നാഗാലാൻഡിൽ ആറ് മാസത്തേക്ക് കൂടി നീട്ടി. നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് കേന്ദ്ര തീരുമാനം. ഡിസംബർ ആറിന് സൈന്യം 14 ഗ്രാമീണരെ വെടിവെച്ച് കൊന്നിരുന്നു.
അഫ്‌സ്പ പിൻവലിക്കുന്നത് പരിശോധിക്കാനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ നിയമം ആറ് മാസത്തേക്ക് കൂടി നീട്ടാനാണ് കേന്ദ്രം തീരുമാനിച്ചത്.
പ്രശ്‌നബാധിത മേഖലയെന്ന് പ്രഖ്യാപിക്കപ്പെട്ട ഏത് സ്ഥലത്തും സ്വതന്ത്ര നടപടികൾക്ക് സൈന്യത്തിന് അധികാരം നൽകുന്ന നിയമമാണ് അഫ്‌സ്പ. ഈ നിയമം നിലവിലുള്ള മേഖലയിലെ സൈനികനെ ശിക്ഷാനടപടികൾക്ക് വിധേയനാക്കണമെങ്കിൽ കേന്ദ്രത്തിന്റെ അനുമതിയും വേണം.