ആലപ്പുഴ ചേർത്തലയിലെ തിരോധാന കേസുകളിൽ റഡാർ പരിശോധനയും പരാജയം. സെബാസ്റ്റ്യന്റെ വീട്ടിലും പെൺ സുഹൃത്തിന്റെ വീട്ടിലും നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. സെബാസ്റ്റ്യന്റെ രണ്ടര ഏക്കർ വരുന്ന പുരയിടത്തിൽ മനുഷ്യ ശരീര അവശിഷ്ടങ്ങൾ ഉണ്ടോ എന്നുറപ്പിക്കാനുള്ള അവസാന പിടിവള്ളിയായിരുന്നു ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ. എട്ട് മണിക്കൂർ നീണ്ട പരിശോധനയിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ ആദ്യം ശേഖരിച്ച അസ്ഥികളുടെ ഉറവിടം കണ്ടെത്താനാകാതെ വലയുകയാണ് അന്വേഷണസംഘം. മറ്റെവിടെയോ മൃതദേഹം കത്തിച്ചതായാണ് വിലയിരുത്തൽ. സെബാസ്റ്റ്യന്റെ പെൺസുഹൃത്തായിരുന്ന ചേർത്തല സ്വദേശിനി റോസമ്മയുടെ വീട്ടിലും റഡാർ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
2012ൽ കാണാതായ ആയിഷയെ 2016ൽ വീടിന് സമീപം കണ്ടെന്ന വെളിപ്പെടുത്തൽ റോസമ്മ തിരുത്തി. പ്രതികരണങ്ങളിൽ അസ്വാഭാവികത തോന്നിയ അന്വേഷണസംഘം റോസമ്മയെ വിശദമായി ചോദ്യം ചെയ്യും. കണ്ടെത്തിയ അസ്ഥികളുടെ ഡിഎൻഎ പരിശോധന ഫലം നാളെ ലഭിക്കും. അതേസമയം, സെബാസ്റ്റിന്റെ കസ്റ്റഡി അപേക്ഷ നാളെ അവസാനിക്കും.