Headlines

ചേർത്തല തിരോധാന കേസുകൾ; ഒരു കേസ് കൂടി റീ ഓപ്പൺ ചെയ്ത് പൊലീസ്

ആലപ്പുഴ ചേർത്തല തിരോധാന കേസുകളിൽ ഒരു കേസ് കൂടി റീ ഓപ്പൺ ചെയ്ത് പൊലീസ്. അഞ്ചുവർഷം മുമ്പുള്ള സിന്ധു തിരോധാന കേസിന് പ്രതി സെബാസ്റ്റ്യനുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. അതിനിടെ അതിരമ്പുഴ സ്വദേശി ജെയ്നമ്മയെ കൊലപ്പെടുത്തി സെബാസ്റ്റ്യൻ സ്വർണം കൈക്കലാക്കിയെന്ന് പൊലീസ് കണ്ടെത്തി. സെബാസ്റ്റ്യനുമായി ഇന്ന് പള്ളിപ്പുറത്തെ വീട്ടിൽ തെളിവെടുപ്പ് നടക്കും.

ചേർത്തലയിൽ നിന്ന് അഞ്ചുവർഷം മുമ്പ് കാണാതായ സിന്ധു തിരോധാനമാണ് വീണ്ടും അന്വേഷിക്കുന്നത്. സിന്ധുവിന് സെബാസ്റ്റ്യനുമായി ബന്ധമുണ്ടോ എന്ന് അന്വേഷണം. 2020 ഒക്ടോബർ 19നാണ് ചേർത്തലയിൽ നിന്ന് സിന്ധുവിനെ കാണാതായത്. തെളിവുകൾ ഇല്ല എന്ന കാരണത്തിൽ 2023ല്‍ അർത്തുങ്കൽ പോലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. കേസ് ഫയൽ ക്രൈംബ്രാഞ്ചിന് കൈമാറും.

അമ്പലത്തില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് സിന്ധു ഇറങ്ങിയിരുന്നത്. എന്നാല്‍ പിന്നീട് സിന്ധു തിരിച്ചുവന്നില്ല. മൂന്ന് സ്ത്രീകളെ കാണാതായ കേസിന് സമാനമായ സാഹചര്യങ്ങൾ സിന്ധു തിരോധാന കേസിലും ഉണ്ടെന്ന്. ഭർത്താവുമായി പിണങ്ങി ഏറെ നാളായി മാറി താമസിച്ചുവരികയായിരുന്നു സിന്ധു. മകളുടെ കല്യാണ നിശ്ചയത്തിന് രണ്ട് ദിവസം മുന്‍പാണ് സിന്ധുവിനെ കാണാതായത്.

അതേസമയം അസ്ഥികൂട അവശിഷ്ടങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി ഇന്ന് തെളിവെടുപ്പ് നടക്കും. ശരീര അവശിഷ്ടങ്ങളുടെ ബാക്കി ഭാ​ഗം എവിടെയെന്ന് കണ്ടെത്തേണ്ടതുണ്ട്. തലയോട്ടിയുടെ ഒരു ഭാഗവും കാലുകളുടെ അവശിഷ്ടങ്ങളും മാത്രമാണ് ഇതുവരെ കണ്ടെടുക്കാൻ സാധിച്ചത്. അന്വേഷണത്തോട് സഹകരിച്ച് തുടങ്ങിയ സെബാസ്റ്റ്യനിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണസംഘം.