ആലപ്പുഴ ചേർത്തലയിലെ തിരോധാന കേസുകളിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അതിരമ്പുഴ സ്വദേശി ജെയ്നമ്മയെ കൊലപ്പെടുത്തി പ്രതി സെബാസ്റ്റ്യൻ സ്വർണം കൈക്കലാക്കിയെന്ന് പൊലീസ്. കേസിലെ നിർണായക വിവരങ്ങൾ അറിയാമായിരുന്ന സെബാസ്റ്റ്യന്റെ സഹായിയായ ഓട്ടോ ഡ്രൈവർ മനോജിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പ്രതി സെബാസ്റ്റ്യനുമായി ഇന്ന് പള്ളിപ്പുറത്തെ വീട്ടിൽ തെളിവെടുപ്പ് നടക്കും.
ജെയ്നമ്മയെ കാണാതായ ഡിസംബർ 23ന് വൈകുന്നേരം 25 ഗ്രാം സ്വർണം പണയം വെച്ചു. പിന്നീട് 24ന് രണ്ട് പവൻ സ്വർണ്ണവും പണയം വെച്ചു. സ്വർണാഭരണങ്ങൾ രണ്ട് ധനകാര്യ സ്ഥാപനങ്ങളിലാണ് പണയം വെച്ചത്. ഈ സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു. സ്വർണവുമായി എത്തിയത് സെബാസ്റ്റ്യന്റെ സഹായിയായ ഓട്ടോ ഡ്രൈവർ മനോജ് ആയിരുന്നു.
സംഭവം പുറത്തായതിനു പിന്നാലെ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മനോജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്തതിന് തൊട്ടടുത്ത ദിവസം മനോജിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. അസ്ഥികൂട അവശിഷ്ടങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി ഇന്ന് തെളിവെടുപ്പ് നടക്കും. ശരീര അവശിഷ്ടങ്ങളുടെ ബാക്കി ഭാഗം എവിടെയെന്ന് കണ്ടെത്തേണ്ടതുണ്ട്. തലയോട്ടിയുടെ ഒരു ഭാഗവും കാലുകളുടെ അവശിഷ്ടങ്ങളും മാത്രമാണ് ഇതുവരെ കണ്ടെടുക്കാൻ സാധിച്ചത്.
അന്വേഷണത്തോട് സഹകരിച്ച് തുടങ്ങിയ സെബാസ്റ്റ്യനിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണസംഘം. സെബാസ്റ്റ്യൻ വീടിനുള്ളിൽ പുതിയതായി ഗ്രാനൈറ്റ് പാകിയ സ്ഥലത്തും ഇന്ന് പരിശോധന നടത്തിയേക്കും. തറയ്ക്കുള്ളിൽ ശരീരാവശിഷ്ടങ്ങൾ ഉള്ളതായി പോലീസിന് സംശയമുണ്ട്. ഇനി അഞ്ചു ദിവസം കൂടിയെ കസ്റ്റഡി കാലാവധി അവശേഷിക്കുന്നുള്ളൂ.