Headlines

ചേർത്തല തിരോധാന കേസ്; സംശയ നിഴലിൽ സെബാസ്റ്റ്യന്റെ സഹായികൾ

ചേർത്തല തിരോധാന കേസുകളിൽ സെബാസ്റ്റ്യന്റെ സഹായികളെ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു. സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കാര്യമായൊന്നും കണ്ടെത്താനായില്ലെങ്കിലും, റോസമ്മ ഉൾപ്പെടെ സംശയ നിഴലിൽ ഉള്ളവരെ കേന്ദ്രീകരിച്ചാണ് തുടരന്വേഷണം. ബിന്ദു പത്മനാഭൻ, ഐഷ, സിന്ധു തിരോധാന കേസുകളിലാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് യൂണിറ്റ് അന്വേഷണം നടത്തുന്നത്.

റോസമ്മയുടെ ഫോൺ വിവരങ്ങൾ പരിശോധിക്കും. ക്രിമിനൽ പശ്ചാത്തലമുള്ള ചേർത്തലയിലെ സെബാസ്റ്റ്യന്റെ സുഹൃത്തും ക്രൈം ബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്. വീട്ടിൽ നടത്തിയ പരിശോധനയിൽ അന്വേഷണത്തിന് ഗുണകരമാകുന്ന ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ പുതിയ നീക്കം. സെബാസ്റ്റ്യൻ കസ്റ്റഡി കലാവധി ഇന്ന് അവസാനിക്കും.

അതേസമയം ചേർത്തലയിലെ തിരോധാന കേസുകളിൽ റെഡാർ പരിശോധന പരാജയമായിരുന്നു. സെബാസ്റ്റ്യന്റെ വീട്ടിലും പെൺ സുഹൃത്തിന്റെ വീട്ടിലും നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. സെബാസ്റ്റ്യന്റെ വീട്ടിലെ അടുപ്പിൽ നിന്ന് കിട്ടിയ കത്തിക്കരിഞ്ഞ ലേഡീസ് വാച്ച് മാത്രമാണ് തെളിവായി ശേഖരിക്കാനായത്.

സെബാസ്റ്റ്യന്റെ രണ്ടര ഏക്കർ വരുന്ന പുരയിടത്തിൽ മനുഷ്യ ശരീര അവശിഷ്ടങ്ങളുണ്ടോ എന്നുറപ്പിക്കാനുള്ള അവസാന പിടിവള്ളിയായിരുന്നു ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ. എട്ട് മണിക്കൂർ നീണ്ട പരിശോധനയിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ ആദ്യം ശേഖരിച്ച അസ്ഥികളുടെ ഉറവിടം കണ്ടെത്താനാകാതെ വലയുകയാണ് അന്വേഷണസംഘം. മറ്റെവിടെയോ മൃതദേഹം കത്തിച്ചതായാണ് വിലയിരുത്തൽ. സെബാസ്റ്റ്യന്റെ പെൺസുഹൃത്തായിരുന്ന ചേർത്തല സ്വദേശിനി റോസമ്മയുടെ വീട്ടിലും റഡാർ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.