അശ്ലീല ചിത്രത്തിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിലെടുത്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാന്‍ നടി ശ്വേതാ മേനോന്‍. അമ്മ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ ഉയര്‍ന്ന പരാതിയും കേസും ഗൂഢ ലക്ഷ്യത്തോടെയാണെന്നാണ് ശ്വേതയുടെ വാദം. കേസിന് പിന്നില്‍ സംഘടനയുടെ ഒരു വിഭാഗം തന്നെയാണെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗം നിയമനടപടികളിലേക്ക് പോകുമെന്ന് വ്യക്തമാക്കിയിരുന്നു.
എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പൊലീസ് ആണ് ശ്വേതയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
പൊതു പ്രവര്‍ത്തകനായ മാര്‍ട്ടിന്‍ മേനാച്ചേരിയാണ് പരാതിക്കാരന്‍. ശ്വേതാ മേനോന്‍ നേരത്തെ അഭിനയിച്ച ചിത്രങ്ങളില്‍ എല്ലാം രംഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. സെന്‍സര്‍ ചെയ്ത് ഇറങ്ങിയ രതിനിര്‍വേദം, പാലേരി മാണിക്യം, ശ്വേത നേരത്തെ അഭിനയിച്ച ഗര്‍ഭനിരോധന ഉറയുടെ പരസ്യം, പ്രസവം ചിത്രീകരിച്ച കളിമണ്ണ് എന്നിങ്ങനെയുള്ള സിനിമയുടെ നീണ്ടനിരയാണ് പരാതിയിലുള്ളത്.
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോന്‍ മത്സരിക്കുന്നുണ്ട്. ഈ സമയത്ത് ഇങ്ങനെയൊരു കേസ് പുറത്തുവന്നതില്‍ ദുരൂഹതയുണ്ടെന്ന സംശയവും പുറത്തുവരുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രത്തില്‍ ഇപ്പോള്‍ എങ്ങനെ പരാതി ഉയര്‍ന്നെന്നും ആക്ഷേപം ഉയരുന്നുണ്ട്.