Headlines

കന്യാസ്ത്രീകളുടെ മോചനം: ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനം; മുതിര്‍ന്ന അഭിഭാഷകരെ കേസ് ഏല്‍പ്പിക്കും

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനം. നിലവിലുള്ള അഭിഭാഷകനെ മാറ്റി മുതിര്‍ന്ന അഭിഭാഷകരെ കേസ് ഏല്‍പ്പിക്കാനും ധാരണ.

മനുഷ്യ കടത്ത് വകുപ്പ് ചുമത്തിയതിനാല്‍ എന്‍ഐഎയെ കോടതിയെ സമീപിക്കാന്‍ ആയിരുന്നു ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സെഷന്‍സ് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ നിയമനടപടികള്‍ സങ്കീര്‍ണമാകും എന്നതിനാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് സന്യാസ സമൂഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. ഡല്‍ഹിയില്‍നിന്നും അഭിഭാഷകന്‍ എത്തും, എങ്കിലും ഛത്തീസ്ഗഡിലെ മുതിര്‍ന്ന അഭിഭാഷകന്‍ വഴിയാകും ജാമ്യാപേക്ഷ സമര്‍പ്പിക്കുക. അതിനിടെ പൊലീസ് ചെയ്യുന്നത് അവരുടെ ജോലിയാണെന്ന് മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ നടപടികളെ വീണ്ടും ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി.

സിബിസിഐ സംഘം ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ എത്തി. സിബിസിഐയുടെ വിമന്‍ കൗണ്‍സില്‍ സെക്രട്ടറി ആശാ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലില്‍ എത്തിയത്. കോണ്‍ഗ്രസ് നേതൃത്വതിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ അടക്കമുള്ള സംസ്ഥാന നേതാക്കള്‍ ജയിലില്‍ എത്തി. ജയിലില്‍ കന്യാസ്ത്രീകള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കണമെന്ന് അധികൃതരോട് നേതാക്കള്‍ ആവശ്യപ്പെട്ടു. കന്യാസ്ത്രീമാരുടെ കുടുംബാംഗങ്ങളും എംഎല്‍എമാരായ റോജി എം.ജോണ്‍, സജീവ് ജോസഫ്, ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയും ഛത്തീസ്ഗഡില്‍ തുടരുകയാണ്.കന്യാസ്ത്രീകളുടെ സന്യാസ സമൂഹമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റിന്റെ മദര്‍ സുപ്പീരിയര്‍ ഇസബെല്‍ ഫ്രാന്‍സിസ് ഛത്തീസ്ഗഡിലേക്ക് തിരിച്ചു.