Headlines

‘മനുഷ്യക്കടത്തിന് ഇരയായ ആദിവാസികളേക്കാള്‍ ന്യാസ്ത്രീകള്‍ക്ക് പ്രാധാന്യമെന്തിന്?’ വീണ്ടും വിമര്‍ശിച്ച് വിശ്വഹിന്ദുപരിഷത്ത്

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ വീണ്ടും പ്രതികരണവുമായി കേരള വിശ്വഹിന്ദു പരിഷത്ത്. കന്യാസ്ത്രീകളായതുകൊണ്ടും മലയാളികള്‍ ആയതുകൊണ്ടും കുറ്റം ചെയ്താലും അവരെ രക്ഷിക്കണമെന്നാണ് ചില സംഘടനകളുടെ നയമെന്നും അത് അപലപനീയമാണെന്നും വിശ്വഹിന്ദു പരിഷത്ത് പ്രസ്താവനയിലൂടെ വിമര്‍ശിച്ചു. മനുഷ്യക്കടത്തിന് ഇരയായ ആദിവാസി കുട്ടികളേക്കാള്‍ പ്രാധാന്യം കന്യാസ്ത്രീകള്‍ക്ക് നല്‍കാന്‍ കേരളത്തിലെ പാര്‍ട്ടികള്‍ കാണിക്കുന്ന വ്യഗ്രത സംശയാസ്പദമാണെന്നും വിശ്വഹിന്ദു പരിഷത്ത് പ്രസ്താവനയിലുണ്ട്.

കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കണമെന്നാണ് നിലപാടെന്ന് വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കുന്നു. ഛത്തീസ്ഗഡ് നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ മൗനം തുടരുന്നത് തന്നെ കന്യാസ്ത്രീകള്‍ നിയമവിരുദ്ധ ഇടപാട് നടത്തി എന്നതിന് തെളിവാണ്. കന്യാസ്ത്രീകള്‍ സമ്മര്‍ദതന്ത്രം പ്രയോഗിക്കാതെ നിയമം അനുശാസിക്കുന്ന രീതിയില്‍ വിചാരണം നേരിടണം. മനുഷ്യക്കടത്തിന് ഇരയാക്കപ്പെട്ടവര്‍ക്ക് നിയമസഹായം ഉള്‍പ്പെടെ നല്‍കാന്‍ വിശ്വഹിന്ദുപരിഷത്തും ബജ്‌റംഗ്ദളും തയ്യാറാണെന്നും അവര്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

തൊഴില്‍ നല്‍കുന്നതിന് വേണ്ടിയാണ് പെണ്‍കുട്ടികളെ കൊണ്ടുപോയതെങ്കില്‍ അവിടുത്തെ തൊഴില്‍ വകുപ്പിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമായിരുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത് വിശദീകരിക്കുന്നു. ഇത്തരം കാര്യങ്ങള്‍ തെളിയിക്കുന്നത് കന്യാസ്ത്രീകള്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തുവെന്ന് തന്നെയാണ്. ഛത്തീസ്ഗഡ് സംഭവത്തില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവര്‍ത്തിച്ചു.