താരസംഘടന അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിനുള്ള മത്സര ചിത്രം തെളിഞ്ഞു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും മത്സരിക്കും. മത്സര ചിത്രത്തെ ആകെ മാറ്റി മറിക്കുന്നതായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽനിന്ന് നടൻ ബാബുരാജും വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നവ്യാ നായരും പിന്മാറി.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വർ, രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തല, ലക്ഷ്മി പ്രിയ, നാസർ ലത്തീഫ് എന്നിങ്ങനെയാണ് മത്സരം. ജോ.സെക്രട്ടറിയായി അൻസിബ ഹസൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നീന കുറുപ്പ് , സജിത ബേട്ടി, സരയു ,ആശ അരവിന്ദ്, അഞ്ജലി നായർ, കൈലാഷ് , വിനു മോഹൻ, ജോയി മാത്യു
സിജോയ് വർഗീസ്, റോണി ഡേവിഡ് രാജ്, ടിനി ടോം , സന്തോഷ് കീഴാറ്റൂർ, നന്ദു പൊതുവാൾ എന്നിവരാണ് മത്സര രംഗത്തുള്ളവർ.
മാധ്യമങ്ങളിലൂടെ മോശം പ്രസ്താവനയെന്ന ആരോപണത്തിൽ നടൻ അനൂപ് ചന്ദ്രനെതിരെ നടി അൻസിബ ഹസൻ മുഖ്യമന്ത്രിക്കും ഇൻഫോപാർക്ക് പൊലീസിനും പരാതി നൽകി. എന്നാൽ അൻസിബയെ അപമാനിച്ചിട്ടില്ലെന്ന് നടൻ അനൂപ് ചന്ദ്രൻ വ്യക്തമാക്കി. ആഗസ്റ്റ് 15 ന് രാവിലെ 10 മണി മുതൽ കൊച്ചി ലുലു മാരിയറ്റ് ഹോട്ടലിലാണ് തിരഞ്ഞെടുപ്പ് നടക്കുക.