ജഗദീഷ് പത്രിക പിന്‍വലിക്കും? ശ്വേത മേനോന് സാധ്യതയേറുന്നു? അമ്മ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി ചിത്രം ഇന്നുതെളിയും

സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്. ഇതോടെ, സ്ഥാനാര്‍ഥി ചിത്രത്തിന് അന്തിമ രൂപമാകും. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക നടന്‍ ജഗദീഷ് പിന്‍വലിച്ചാല്‍, ശ്വേത മേനോന്റെ സാധ്യതയേറും.

പ്രസിഡന്റ് സ്ഥാനത്തെക്ക് ആറും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ചും സഹാഭാരവാഹി സ്ഥാനങ്ങളിലും എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്കുമായി 74 നാമനിര്‍ദേശ പത്രികകളായിരുന്നു സമര്‍പ്പിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷും ശ്വേതാ മേനോനും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിലേക്ക് കാര്യങ്ങളെത്തുന്നതിനിടയിലാണ് ജഗദീഷ് കളം വിടുന്നതായി അറിയിച്ചത്. ‘വനിത ‘പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിനെ അംഗീകരിച്ചാണ് ജഗദീഷ് പിന്‍വാങ്ങിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ജഗദീഷ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്.

ഏത് സാഹചര്യത്തിലും മത്സരിക്കുമെന്ന നിലപാടിലാണ് നടന്‍ ദേവന്‍. തിരഞ്ഞെടുപ്പ് പ്രകിയ പുരോഗമിക്കുന്നതിനിടയില്‍ വാര്‍ത്താ സമ്മേളനം നടത്തിയ ദേവന്റെ നടപടിക്കെതിരെ ഒരു വിഭാഗം രംഗത്തുണ്ട്. ആരോപണ വിധേയര്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടന ഇപ്പോഴും രണ്ട് തട്ടിലാണ്. അന്‍സിബ , സരയു, ഉഷ ഹസീന എന്നിവര്‍ ആരോപണ വിധേയരെ അനുകൂലിച്ച് രംഗത്തെത്തിയപ്പോള്‍ മല്ലിക സുകുമാരന്‍, ആസിഫ് അലി, മാലാ പാര്‍വ്വതി എന്നിവര്‍ വിമര്‍ശിച്ചുള്ള പ്രതികരണങ്ങളാണ് നടത്തിയത്. ഓഗസ്റ്റ് 15 നാണ് തിരഞ്ഞെടുപ്പ്.