Headlines

തൃശ്ശൂരിലെ തെരഞ്ഞെടുപ്പിൽ വോട്ട് ക്രമക്കേടെന്ന ആരോപണം; വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ജോസഫ് ടാജറ്റ്

തൃശ്ശൂരിലെ തെരഞ്ഞെടുപ്പിലും വോട്ട് ക്രമക്കേട് ഉണ്ടായെന്ന എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറിന്റെ ആരോപണത്തെ പിന്തുണച്ച് തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. 10 ഫ്ലാറ്റുകളിൽ പരിശോധന നടത്തിയാണ് നിയോജകമണ്ഡലത്തിന് പുറത്തുള്ള ആളുകളെ ഉൾപ്പെടുത്തി എന്ന പരാതി നൽകിയതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

അന്ന് കളക്ടർ പറഞ്ഞത് വോട്ടർപട്ടികയിൽ പേരുള്ളവരെ ഒഴിവാക്കാൻ കഴിയില്ല എന്നതാണ്. കളക്ടറുടെ നിലപാട് ആ വോട്ടർപട്ടികയിൽ പേരുള്ളവർക്ക് വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കി. കളക്ടർ മുതൽ ബിഎൽഒ വരെയുള്ളവരുടെ പ്രവർത്തനത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.

കളക്ടർക്ക് ശ്രദ്ധക്കുറവ് ഉണ്ടായി എന്ന് അദേഹം കുറ്റപ്പെടുത്തി. രാഹുൽഗാന്ധിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഡിസിസി അന്വേഷണം നടത്തും. ഏഴ് നിയോജക മണ്ഡലങ്ങളിലെയും വോട്ടർപട്ടിക കോൺഗ്രസ് പരിശോധിക്കും. 65000 വോട്ട് ബിജെപി ചേർത്തു എന്ന് പറഞ്ഞാൽ അത് സ്ഥിരം താമസക്കാരുടേതല്ല. സുരേഷ് ഗോപിയുടെ ബന്ധുക്കളും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും വോട്ടർ പട്ടികയിൽ വോട്ടുചേർത്തുയ ആലത്തൂർ മണ്ഡലത്തിൽ ഉള്ളവരെ വ്യാപകമായി തൃശൂരിൽ വോട്ട് ചേർത്തുവെന്ന് ജോസഫ് ടാജറ്റ് ആരോപിച്ചു.

വൈദികർക്കും കന്യാസ്ത്രീകൾക്കും എതിരായ അക്രമത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൗനം അക്രമത്തെ ന്യായീകരിക്കുന്നതെന്നും ജോസഫ് ടാജറ്റ് കുറ്റപ്പെടുത്തി. അക്രമത്തെ ന്യായീകരിക്കാത്ത ഒരു വ്യക്തിയും പ്രതികരിക്കും. വിമാനത്താവളത്തിലേക്ക് പോകുന്ന വഴിക്ക് അങ്കമാലിയിൽ കന്യാസ്ത്രീമാരുടെ വീട്ടിൽ വേണമെങ്കിൽ സുരേഷ് ഗോപിക്ക് കയറാമായിരുന്നു. അത് സുരേഷ് ഗോപി ചെയ്തില്ലെന്ന് അദേഹം കുറ്റപ്പെടുത്തി.

ഒഡിഷയിൽ ആക്രമിക്കപ്പെട്ട വൈദികൻ സുരേഷ് ഗോപിയുടെ മണ്ഡലത്തിലാണ്. ഒരു വാക്കുപോലും ഉരിയാടിയില്ല. അരമനകളിൽ പോയി കേക്ക് കൊടുക്കും പള്ളികളിൽ പോയി നേർച്ച സമർപ്പിക്കും, അത് വിശ്വാസികളോടുള്ള ആത്മാർത്ഥതയെ കാണുന്നുണ്ടെങ്കിൽ എന്തുകൊണ്ട് ഇപ്പോൾ വരുന്നില്ല എന്ന് അദേഹം ചോദിച്ചു. സുരേഷ് ഗോപിയുടേത് കപട മുഖം. ബിജെപിയുടെയും സംഘപരിവാറിന്റെയും ആളായി നിന്ന് അക്രമത്തെ ന്യായീകരിക്കുന്നു. അതുകൊണ്ടാണ് സുരേഷ് ഗോപി മൗനം തുടരുന്നതെന്ന് ജോസഫ് ടാജറ്റ് കൂട്ടിച്ചേർത്തു.