യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുവാനുള്ള ചർച്ചകളിൽ കാര്യമായ പുരോഗതിയെന്ന് അമേരിക്ക. യുക്രെയിനുള്ള സുരക്ഷ ഗ്യാരന്റിയിൽ ഇനിയും തീരുമാനമായില്ല. ഇതുവരെ നൽകിയ പിന്തുണക്ക് അമേരിക്കക്കും ട്രംപിനും നന്ദി പറഞ്ഞ് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി. ജനീവയിൽ നടന്ന ഉന്നതതല ചർച്ചകൾ വളരെ മൂല്യവത്തായിരുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
ഏകദേശം നാല് വർഷത്തെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക തയ്യാറാക്കിയ 28 ഇന പദ്ധതി യൂറോപ്യൻ തലസ്ഥാനങ്ങളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വലിയ പ്രദേശങ്ങൾ വിട്ടുകൊടുക്കുന്നത് ഉൾപ്പെടെ നിരവധി തവണ സെലെൻസ്‌കി നിരസിച്ച റഷ്യൻ ആവശ്യങ്ങൾ യുഎസ് പദ്ധതിയിൽ അംഗീകരിക്കുന്നുണ്ട്.
“സുരക്ഷാ ഗ്യാരണ്ടികൾ, ദീർഘകാല സാമ്പത്തിക വികസനം, അടിസ്ഥാന സൗകര്യ സംരക്ഷണം, രാഷ്ട്രീയ പരമാധികാരം എന്നിവയിലെ യുക്രെയ്ന്റെ എല്ലാ പ്രധാന ആശങ്കകളും – യോഗത്തിൽ സമഗ്രമായി ചർച്ച ചെയ്തതു ” വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. കരാറിലെ വ്യവസ്ഥകൾ ചർച്ച ചെയ്യാൻ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, അമേരിക്ക, യുക്രെയ്ൻ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരാണ് ജനീവയിൽ യോഗം ചേർന്നത്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേകപ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ബ്രിട്ടന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോനാഥൻ പൗവൽ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. കരട് കരാർ നവംബർ 27-നകം യുക്രെയ്ൻ അംഗീകരിച്ചില്ലെങ്കിൽ ആയുധമടക്കമുള്ള സഹായങ്ങൾ അവസാനിപ്പിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.








