തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്ന് വരെ ഇതിനായി വരണാധികാരിക്ക് നോട്ടീസ് നൽകാം. വിമത ഭീഷണിയുള്ള സ്ഥാനാർഥികളെ അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള സമയം അവസാനിച്ച ശേഷം അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും.
അതേസമയം, സൂക്ഷ്മ പരിശോധനയ്ക്കു ശേഷമുള്ള സ്ഥാനാർഥികളുടെ പൂർണ കണക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പ്രസിദ്ധീകരിച്ചു. ആകെ 1,07,211 സ്ഥാനാർഥികളാണുള്ളത്. 1,54,547 നാമനിർദേശപത്രികൾ ലഭിച്ചപ്പോൾ 2,479 എണ്ണം തള്ളി. തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം നവംബർ 26 മുതൽ ആരംഭിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
ഏറ്റവും കൂടുതൽ പത്രികകൾ ലഭിച്ചത് മലപ്പുറം ജില്ലയിലും കുറവ് വയനാട്ടിലുമാണ്. 1,08,580സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയത്തിലും പഞ്ചായത്ത്, മുൻസിപ്പാലിറ്റി,നഗരസഭ എന്നിവിടങ്ങളിൽ മത്സരാർത്ഥികളുടെ പേര് പ്രസിദ്ധീകരിക്കും.








