കാമുകിയുടെ മുഖത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചണ്ഡീഗഢിൽ താമസിക്കുന്ന ബുറൈൽ സ്വദേശി നരേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പണം നൽകാൻ വിസമ്മതിച്ചതിനാണ് യുവാവ് കാമുകിയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ജൂലായ് ആറാം തീയതി അർധരാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.
22 വയസ്സുകാരിയായ യുവതിയും നരേഷും ചണ്ഡീഗഢിലെ ഫ്ളാറ്റിൽ ഒരുമിച്ചായിരുന്നു താമസം. സംഭവദിവസം നരേഷ് യുവതിയോട് 2000 രൂപ ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാനാവില്ലെന്ന് യുവതി പറഞ്ഞു. ഇതോടെയാണ് നരേഷ് യുവതിയുടെ മുഖത്തേക്ക് സാനിറ്റൈസർ ഒഴിച്ചശേഷം തീകൊളുത്തിയത്. സാരമായി പൊള്ളലേറ്റ യുവതിയെ അയൽക്കാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
യുവതിക്ക് 20 ശതമാനം പൊള്ളലേറ്റതായി പോലീസ് പറഞ്ഞു. ആശുപത്രി വിട്ടതിന് പിന്നാലെ യുവതി നരേഷിനെതിരെ വിശദമായ പരാതി നൽകുകയായിരുന്നു. ഒട്ടേറെതവണ പണം തട്ടിയെടുത്തിട്ടുണ്ടെന്നും പണം ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്. അറസ്റ്റിലായ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.