വീട്ടിലെ ചെടി പിഴുതെടുത്തു; 12 കാരിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി അയൽവാസി

പാട്‌ന: വീട്ടിലെ ചെടി പിഴുതെടുത്തതിന് പന്ത്രണ്ടു വയസുകാരിയെ അയൽവാസി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ബിഹാറിലെ ബേഗുസാരയിലെ ശിവറാണ ഗ്രാമത്തിലാണ് സംഭവം. നിലവിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് പെൺകുട്ടി. സിക്കന്ദർ യാദവ് എന്നയാളാണ് കുട്ടിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.

സിക്കന്ദർ യാദവിന്റെ വീടിന് സമീപം കളിക്കുകയായിരുന്ന പെൺകുട്ടി അബദ്ധത്തിൽ മുറ്റത്തുണ്ടായിരുന്ന ഒരു ചെടി പിഴുതെടുത്തു. ഇത് കാണാനിടയായ സിക്കന്ദർ പെൺകുട്ടിയെ പൊതിരെ തല്ലുകയും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. സിക്കന്ദറും ഭാര്യയും ചേർന്നായിരുന്നു പെൺകുട്ടിയോട് ഇത്തരമൊരു ക്രൂരത ചെയ്തത്.

സിക്കന്ദറിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി ബേഗുസാര ഡിസിപി വ്യക്തമാക്കി.