തന്നെ കുടുക്കിയതിന് പിന്നിൽ എംഎൽഎയുടെ ഭാര്യയടക്കം ആറ് പേർ: അഞ്ജലി റീമ ദേവ്

 

കൊച്ചി നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ പ്രതിയായ അഞ്ജലി റീമാ ദേവ് ചോദ്യം ചെയ്യലിന് ഹാജരായി. ബുധനാഴ്ച കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലാണ് അഞ്ജലി ഹാജരായത്. കഴിഞ്ഞ ദിവസങ്ങളിൽ ഹാജരാകാൻ നിർദേശിച്ചിട്ടും ഇവർ എത്തിയിരുന്നില്ല.

ഇക്കാര്യം ചൂണ്ടിക്കാട്ടി അഞ്ജലിയുടെ മുൻകൂർ ജാമ്യം റദ്ദാക്കാൻ അന്വേഷണം സംഘം തയ്യാറെടുക്കുന്നതിനിടെയാണ് ഇവർ ഇന്ന് ഹാജരായത്. തന്നെ കേസിൽ കുടുക്കിയതിന് പിന്നിൽ ഒരു എംഎൽഎയുടെ ഭാര്യ അടക്കമുള്ള ആറംഗ സംഘമാണെന്ന് ഇവർ ആരോപിച്ചു.

എംഎൽഎയുടെ ഭാര്യ ഉൾപ്പെട്ട സ്ഥാപനത്തിലെ കള്ളപ്പണ ഇടപാടുകൾ ചോദ്യം ചെയ്തതിന്റെ വിരോധമാണ് തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നും പോക്‌സോ കേസ് പ്രതി പറഞ്ഞു. വയനാട് സ്വദേശിയായ യുവതിയുടെയും മകളുടെയും പരാതിയിലാണ് പോലീസ് കേസെടുത്തത്. റോയി വയലാട്ട്, സൈജു തങ്കച്ചൻ എന്നിവർ ഒന്നും രണ്ടും പ്രതികളും അഞ്ജലി മൂന്നാം പ്രതിയുമാണ്.