പോക്‌സോ കേസ്: അഞ്ജലി റീമ ദേവിന് ക്രൈംബ്രാഞ്ച് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ മൂന്നാം പ്രതിയും ഒന്നാം പ്രതി റോയി വയലാട്ടിന്റെ അടുപ്പക്കാരിയുമായ അഞ്ജലി റീമാ ദേവിന് ക്രൈംബ്രാഞ്ച് നോട്ടീസ്.  കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസിൽ ബുധനാഴ്ച്ച ഹാജരാക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് നോട്ടീസ് കൈമാറിയത്.

2021 ഒക്ടോബർ 20 ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ യുവതിയും പ്രായപൂർത്തിയാകാത്ത മകളും നൽകിയ പരാതിയിലാണ് റോയ് വയലാട്ട്, സൈജു തങ്കച്ചൻ, കോഴിക്കോട് സ്വദേശിയായ അജ്ഞലി റീമാ ദേവ് എന്നിവർക്കെതിരെ കേസെടുത്തത്. കേസിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് കഴിഞ്ഞ ദിവസമാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിൽ കീഴടങ്ങിയത്.