അനാവശ്യമായി ഇടപെടുന്നു, മുതിർന്ന നേതാക്കളെ അവഗണിക്കുന്നു; രാഹുലിനെതിരെ ജി23 നേതാക്കൾ

കോൺഗ്രസ് പ്രവർത്തക സമിതിയിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ജി 23 നേതാക്കൾ. പാർട്ടിയിൽ കൂട്ടായ തീരുമാനങ്ങളില്ലെന്നും മുതിർന്ന നേതാക്കളെ രാഹുൽ അവഗണിക്കുകയാണെന്നും ജി 23 നേതാക്കൾ വിമർശിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് ഞായറാഴ്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്നത്.

രാഹുൽ ഗാന്ധിയും ഏതാനും പേരും ചേർന്ന് തീരുമാനങ്ങൾ എടുക്കുകയാണെന്ന് ഗുലാം നബി ആസാദ് വിമർശിച്ചു. മുതിർന്ന നേതാക്കളെ പാടെ അവഗണിക്കുന്ന സമീപനമാണ് രാഹുലിന്റേത്. രാഹുൽ പാർട്ടിയുടെ ദേശീയ അധ്യക്ഷനല്ല. പക്ഷേ സംഘടനാകാര്യങ്ങളിൽ അനാവശ്യമായി ഇടപെടുകയാണ്. അധികാര സ്ഥാനത്ത് ഇല്ലാത്ത ഒരാൾ ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നത് ശരിയല്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞുു

പഞ്ചാബിലെ തീരുമാനങ്ങൾ പാളിയതിന് കാരണം രാഹുലും പ്രിയങ്കയുമാണ്. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയ സമയം ശരിയായില്ല. ഹരീഷ് റാവത്തിനെ അവസാന നിമിഷമാണ് ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പ് ചുമതലക്ക് അയച്ചത്. അതും തിരിച്ചടിക്ക് കാരണമായെന്നും ജി 23 നേതാക്കൾ വിമർശിച്ചു.