കോൺഗ്രസിന്റെ പരാജയം: ജി 23 നേതാക്കൾ ഉടൻ യോഗം ചേരും

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ജി 23 നേതാക്കൾ യോഗം ചേരാൻ ഒരുങ്ങുന്നു. നേതൃമാറ്റവുമായി ബന്ധപ്പെട്ട് നേരത്തെ സോണിയ ഗാന്ധിക്ക് കത്ത് നൽകിയ നേതാക്കളാണ് ഞായറാഴ്ചയോ ശനിയാഴ്ചയോ യോഗം ചേരാനിരിക്കുന്നത്.

ആത്മപരിശോധനയുടെ സമയം കഴിഞ്ഞുവെന്നും ഇനി തീരുമാനമെടുക്കാനുള്ള സമയമാണെന്നും കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചൗഹാൻ പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ വീട്ടിൽ വെച്ചായിരിക്കും യോഗം ചേരുക.

ഈ തെരഞ്ഞെടുപ്പ് ഫലം വളരെയധികം അസ്വസ്ഥതപ്പെടുത്തുന്നു. എന്നാൽ ഫലം അപ്രതീക്ഷിതമായിരുന്നില്ല. ഞങ്ങളെടുത്ത തീരുമാനങ്ങൾക്ക് ജനം ശിക്ഷിച്ചു. ഞങ്ങളുടെ എല്ലാ നേതാക്കൾക്കും സീറ്റ് നഷ്ടമായി. ആത്മപരിശോധനയുടെ കാലം കഴിഞ്ഞു. ഇനി തീരുമാനമെടുത്തേ മതിയാകൂ എന്നായിരുന്നു പൃഥ്വിരാജ് ചൗഹാന്റെ വാക്കുകൾ

കപിൽ സിബൽ, ശശി തരൂർ, ഗുലാം നബി ആസാദ്, മനീഷ് തിവാരി അടക്കമുള്ള 23 നേതാക്കളാണ് നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയത്. കോൺഗ്രസിന് പ്രത്യക്ഷത്തിലുള്ളതും സജീവവുമായ അധ്യക്ഷൻ വേണമെന്നായിരുന്നു കത്തിലെ ആവശ്യം.