തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്തുന്നതിനായി യുഡിഎഫ് യോഗം ഇന്ന് ചേരും. കോൺഗ്രസിന്റെ പ്രകടനമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികൾ വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് യോഗം ചേരുന്നത്.
തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിലും കലാപം ആരംഭിച്ചിരുന്നു. നേതൃമാറ്റം ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ തന്നെ പരസ്യമായി രംഗത്തുവരികയും ചെയ്തു. താഴെ തട്ടിൽ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ യുഡിഎഫ് യോഗം ആലോചിക്കും.
മുഖ്യമന്ത്രി 22ന് ആരംഭിക്കുന്ന കേരള പര്യടനത്തിന് ബദൽ ജാഥയും യുഡിഎഫ് ആലോചിക്കും അതേസമയം കോൺഗ്രസും നടപടികൾ ആരംഭിച്ചിട്ടുണ്ട്. കെപിസിസി ജനറൽ സെക്രട്ടറിമാരുടെ യോഗം മുല്ലപ്പള്ളി രാമചന്ദ്രൻ വിളിച്ചു. വിവിധ ജില്ലകളിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ അവലോകന റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്