ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നാണം കെട്ട് ഇന്ത്യയുടെ ബാറ്റിംഗ് നിര. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യക്ക് നേടാനായത് 36 റൺസ് മാത്രമാണ്. ഒന്നിന് 9 റൺസ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 17 ഓവർ പോലും പിടിച്ചുനിൽക്കാൻ സാധിച്ചില്ല
9ന് 36 റൺസ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാമിന്നിംഗ്‌സ് അവസാനിപ്പിച്ചത്. അവസാന ബാറ്റ്‌സ്മാനായ മുഹമ്മദ് ഷമി പരുക്കേറ്റ് മടങ്ങിയത് ഇന്ത്യക്ക് ഇരട്ടി പ്രഹരമാകുകയും ചെയ്തു. 90 റൺസ് മൂന്ന് ബൗളർമാരെ വെച്ച് പ്രതിരോധിക്കേണ്ട അവസ്ഥയാണ് ഇനി ഇന്ത്യക്കുള്ളത്.
ഇന്ത്യൻ ഇന്നിംഗ്‌സിൽ ഒരാൾക്ക് പോലും രണ്ടക്കം തികയ്ക്കാനായില്ല. സ്‌കോർ 15ൽ നിൽക്കെ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടപ്പെട്ടു. 2 റൺസെടുത്ത ബുമ്രയാണ് പോയത്. ഇതേ സ്‌കോറിൽ തന്നെ ഇന്ത്യക്ക് മായങ്ക് അഗർവാളിനെയും രഹാനെയെയും പൂജാരയെയും നഷ്ടപ്പെട്ടതോടെ ഇന്ത്യ 5 വിക്കറ്റിന് 15 റൺസ് എന്ന നിലയിലേക്ക് വീണു
പിന്നാലെ നായകൻ കോഹ്ലിയും മടങ്ങി. ഇന്ത്യ 19/6. പിന്നീടെല്ലാം നടപടിക്രമങ്ങൾ മാത്രമായിരുന്നു. ബാറ്റ്‌സ്മാൻമാർ വരുന്നതും പോകുന്നതും ഒരേ വേഗത്തിൽ. ഓൾ ഔട്ടാകാതെ വന്നത് ഇന്ത്യക്ക് വലിയൊരു നാണക്കേടിൽ നിന്ന് രക്ഷയായി. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറിന് പുറത്താകേണ്ടി വന്നു എന്ന നാണക്കേടാണ് ഇന്ത്യയ്ക്ക് ഒഴിഞ്ഞത്.
ഓസ്‌ട്രേലിയക്കായി ഹേസിൽവുഡ് 5 വിക്കറ്റും പാറ്റ് കമ്മിൻസ് 4 വിക്കറ്റുമെടുത്തു. 9 റൺസെടുത്ത മായങ്ക് അഗർവാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഹനുമ വിഹാരി 8 റൺസും കോഹ്ലി, സാഹ, ഉമേഷ് യാദവ്, പൃഥ്വി ഷാ എന്നിവർ നാല് റൺസ് വീതവുമെടുത്തു