സ്വപ്നയെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ് : കെ സുരേന്ദ്രന്‍

കോഴിക്കോട്: സ്വപ്നയെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും 2017 മുതല്‍ മുഖ്യമന്ത്രിക്ക് അറിയാമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. 2017 സപ്തംബര്‍ 27ന് ഷാര്‍ജ ഷെയ്ക്കിനെ കേരളം ആദരിച്ചപ്പോള്‍ അതിന്റെ ചുമതല സ്വപ്നാ സുരേഷിനായിരുന്നു. ലോക കേരള സഭയുടെ നടത്തിപ്പിലും സ്വപ്ന പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണമായുള്ള ബന്ധത്തിലൂടെയാണ് ലോകകേരള സഭയുടെ നിയന്ത്രണം സ്വപ്നയിലെത്തിയതെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സര്‍ക്കാരിലെ പ്രമുഖരുമായും ചില എംഎല്‍എമാരുമായും ഇവര്‍ക്ക് ബന്ധമുണ്ട്. ശിവശങ്കറിനെ മാറ്റിയതോടെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സ്വര്‍ണക്കടത്ത് ഇടപാടിലുള്ള പങ്ക് വ്യക്തമായി. മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ് ബന്ധങ്ങള്‍ പുറത്തറിയുമെന്ന ഭയത്തിലാണോ ഐടി സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവശങ്കറിനെ മാറ്റാതിരുന്നതെന്ന് വ്യക്തമാക്കണം. ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ മാറ്റാത്തതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ വ്യക്തി താല്‍പര്യമാണ്. സോളാര്‍ കേസിന്റെ തനിയാവര്‍ത്തനമാണിത്. അന്ന് സരിതയെങ്കില്‍ ഇന്ന് സ്വപ്ന. സാധാരണ നികുതി വെട്ടിപ്പ് കേസായി ഇത് മാറില്ല. എന്‍ ഐഎ അന്വേഷിക്കേണ്ട കേസാണെങ്കില്‍ അതുണ്ടാവുമെന്നും കെ സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.